ഏകീകൃത സിവിൽകോഡ് : ഇന്ത്യയുടെ മതനിരപേക്ഷത തകർക്കുമെന്ന് രമേശ് ചെന്നിത്തല

221

തിരുവനന്തപുരം∙ ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്‍റെ നീക്കം ഇന്ത്യയുടെ മതനിരപേക്ഷത തകര്‍ക്കാനേ ഉപകരിക്കൂവെന്ന് ചെന്നിത്തല. ഇതു ജനങ്ങളെ രണ്ടു തട്ടിലാക്കാനേ സഹായിക്കൂ. രാജ്യത്തിന്റെ മതനിരപേക്ഷതയും അഖണ്ഡതയും തകർക്കും. സംഘപരിവാർ ശക്തികളുടെ രഹസ്യ അജൻഡയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്, ചെന്നിത്തല വ്യക്തമാക്കി.

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് വന്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നില്‍. ഇത്‌ രാജ്യത്ത്‌ സൃഷ്ടിക്കാന്‍ പോകുന്ന കോളിളക്കം ചെറുതായിരിക്കില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കല്‍, അയോധ്യ ക്ഷേത്ര നിര്‍മാണം, കശ്മീരിലെ പ്രത്യേക പദവി എടുത്തുകളയല്‍ എന്നീ അജൻഡകള്‍ നടപ്പിലാക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്.

വിവാഹം, മരണം, സ്വത്തവകാശം എന്നിവ സംബന്ധിച്ച് ഇസ്‌ലാം മതവിശ്വാസികള്‍ പിന്തുടരുന്ന പ്രത്യേക വ്യക്തി നിയമമുണ്ട്. അതില്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. ഇന്ത്യയുടെ നിലനില്‍പ്പുതന്നെ മതനിരപേക്ഷതയിലാണ്. ഇത് തകര്‍ക്കാനുള്ള ഏത് നീക്കവും ഇന്ത്യയെ തകര്‍ക്കാനെ സഹായിക്കൂ. നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതു വലിയതോതിലുള്ള പ്രത്യഘാതങ്ങള്‍ക്ക്‌ വഴിയൊരുക്കും – ചെന്നിത്തല കൂട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY