ലഹോർ ∙ യുഎസുമായുള്ള ഇന്ത്യയുടെ അടുപ്പത്തിൽ പാക്കിസ്ഥാന് ആശങ്കയില്ലെന്ന് പാക്ക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സർതാജ് അസീസ്. യുഎസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയ്ക്കും പാക്കിസ്ഥാനും തുല്യ പ്രാധാന്യമാണുള്ളതെന്ന് അവർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും സർതാജ് അസീസ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
പാക്കിസ്ഥാനുമായുള്ള ബന്ധം ബലികഴിച്ചുകൊണ്ടല്ല യുഎസ് ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നത് എന്ന് അവർതന്നെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇരുരാജ്യങ്ങളും യുഎസിന് ഒരുപോലെ പ്രധാനപ്പെട്ടതാണ്. ദക്ഷിണേഷ്യയിലെയും പൂർവേഷ്യയിലെയും സാഹചര്യങ്ങളിൽ ഇന്ത്യ യുഎസിന് പ്രധാനപ്പെട്ടതായിരിക്കാം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ-ഇസ്‌ലാമിക രാഷ്ട്രമാണ് ഞങ്ങൾ. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട വിഷയത്തിലും മറ്റു പ്രാദേശിക വിഷയങ്ങളിലും ഞങ്ങൾക്ക് ഞങ്ങളുടേതായ പങ്കുണ്ട് – സർതാജ് അസീസ് പറഞ്ഞു.
യുഎസ് ഒരു സ്വതന്ത്ര രാജ്യമാണ്. ദേശീയ താൽപര്യങ്ങൾക്കനുസൃതമായി സാമ്പത്തികരംഗത്തും മറ്റും ഇന്ത്യയുമായുള്ള ബന്ധം എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. ഇന്ത്യ-യുഎസ് ബന്ധത്തിന്റെ കാര്യത്തിൽ ഒറ്റ നിർബന്ധമേ പാക്കിസ്ഥാനുള്ളൂ. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇന്ത്യ-പാക്ക് ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴ്ത്താൻ പാടില്ല. അത്തരത്തിലെന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ പ്രതികരിക്കും.
പ്രദേശത്തെ തന്ത്രപരമായ സ്ഥിരത നിലനിർത്തിക്കൊണ്ടുവേണം ഇരുരാജ്യങ്ങളും ബന്ധം കൂടുതൽ ദൃഢപ്പെടുത്താൻ. ഇതല്ലാതെ ഈ വിഷയത്തിൽ പാക്കിസ്ഥാന് മറ്റു താൽപര്യങ്ങളൊന്നുമില്ലെന്നും അസീസ് പറഞ്ഞു.