കാർഷിക മൊത്ത വിതരണ കേന്ദ്രത്തിൽ ക്രമക്കേടുകൾ: കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ

193

കോഴിക്കോട്∙ കൃഷി വകുപ്പിന്റെ കീഴിൽ വേങ്ങേരിയിൽ പ്രവർത്തിക്കുന്ന കാർഷിക മൊത്ത വിതരണ കേന്ദ്രത്തിൽ മൊത്തം ക്രമക്കേടുകളാണെന്നു കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ. കൃഷിക്കും കൃഷിക്കാർക്കും കൊടുക്കേണ്ട സ്ഥലം കാർഷികേതര പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഇവിടെയുള്ള 102 മുറികളിൽ നൂറിലും വാടകക്കാരുണ്ട്. ഇതിൽ ടൈൽസ് കച്ചവടക്കാർ വരെയുണ്ടെന്നും മന്ത്രി പറഞ്ഞു. ടൈൽസ് കച്ചവടക്കാർക്കു കാർഷിക മൊത്ത വിതരണ കേന്ദ്രത്തിൽ എന്താണു കാര്യമെന്നും മന്ത്രി ചോദിച്ചു. രാവിലെ വേങ്ങേരിയിൽ സന്ദർശനം നടത്തിയ ശേഷം കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്നാട്ടിൽ നിന്നുള്ള ഹോൾസെയിലർമാരാണ് വിപണന കേന്ദ്രം കൈയ്യടക്കിയിരിക്കുന്നത്. കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സ്ഥാപിച്ച ശീതീകരണികളിൽ ഈന്തപ്പഴവും ഡ്രൈഫ്രൂട്ട്സുമാണ് സൂക്ഷിച്ചിരിക്കുന്നത്. മൊത്ത വിതരണ കേന്ദ്രത്തിന്റെ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ഇതൊക്കെ ചെയ്തതെന്ന വാദം മന്ത്രി തള്ളി. കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കാനും ഉത്തരവിട്ടു. വേങ്ങേരിയിൽ സൗകര്യം ലഭ്യമായിരിക്കെ ഹോർട്ടി കോർപ്പിനു വേണ്ടി നഗരത്തിൽ 12,000 രൂപ വാടകയ്ക്കു കെട്ടിടം എടുത്ത നടപടി റദ്ദാക്കാനും മന്ത്രി ഉത്തരവിട്ടു. വാടക കരാറുണ്ടാക്കിയ ഉദ്യോഗസ്ഥനിൽ നിന്നു വാടകയ്ക്കു ചെലവായ തുക ഈടാക്കാനും മന്ത്രി നിർദേശം നൽകി. വാടകക്കെട്ടിടം അടച്ചു പൂട്ടാനും സുനിൽകുമാർ ആവശ്യപ്പെട്ടു.

വേങ്ങേരി പച്ചക്കറി വിപണന കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനു മാസ്റ്റർ പ്ലാൻ തയാറാക്കാൻ എ.പ്രദീപ്കുമാർ എംഎൽഎ അധ്യക്ഷനായി കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പിന്റെ അഗ്രി സൂപ്പർ മാർക്കറ്റുകളിൽ ഒരെണ്ണം വേങ്ങേരിയിൽ സ്ഥാപിക്കും. കേരളത്തിലെ പൊതു മേഖല സ്ഥാപനങ്ങളിൽ ഉൽപാദിപ്പിക്കുന്ന മുഴുവൻ കാർഷിക മുല്യവർധിത ഉൽപ്പന്നങ്ങളും സൂപ്പർ മാർക്കറ്റിൽ ലഭിക്കും. നാളീകേര സംഭരണവുമായി ബന്ധപ്പെട്ടു കേരഫെഡിൽ നടന്ന അഴിമതി വിജിലൻസ് അന്വേഷിക്കും. പച്ചത്തേങ്ങ സംഭരണം തുടരും. നാളീകേരം സൂക്ഷിക്കാൻ കേന്ദ്രങ്ങളില്ലെന്ന പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY