കൃഷിവകുപ്പ് ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

186

തിരുവനന്തപുരം ∙ കൃഷിവകുപ്പ് ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണം. ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെ ചുമതലയില്‍നിന്നു മാറ്റിനിർത്താൻ കൃഷിമന്ത്രി ഉത്തരവിട്ടു. പച്ചത്തേങ്ങ സംഭരണത്തിലെ തിരിമറി, വിത്തു തേങ്ങ ഇറക്കുമതിയിലെ ക്രമക്കേട് തുടങ്ങി കഴിഞ്ഞ അഞ്ചുവർഷത്തെ ക്രമവിരുദ്ധ ഇടപാടുകളിലാണ് അന്വേഷണം. ഇതുസംബന്ധിച്ചുള്ള ഫയൽ സർക്കാർ വിജിലൻസിനു കൈമാറി.
കൃഷിവകുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഫയല്‍ കഴിഞ്ഞ സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു. കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണത്തിൽ വ്യാപക തിരിമറി നടത്തിയെന്നതാണ് പ്രധാന ആരോപണങ്ങളിലൊന്ന്. ഇതിനു പുറമെ നാട്ടില്‍നിന്നു സംഭരിച്ച ഗുണനിലവാരമുള്ള കൊപ്ര മറിച്ചുവിറ്റ് പകരം ഇതര സംസ്ഥാനങ്ങളിൽനിന്നു ഗുണനിലവാരം കുറഞ്ഞ കൊപ്ര ഇറക്കുമതി ചെയ്യുകയുമുണ്ടായി. ഗുണനിലവാരം കുറഞ്ഞ വിത്തുതേങ്ങ ഇതര സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവന്ന് കൂടിയ വിലയ്ക്ക് വാങ്ങിയെന്നാണ് മറ്റൊരു ആരോപണം.

ഇതെല്ലാം വ്യക്തമാക്കി കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് തന്നെ കൃഷി വകുപ്പ് ഡയറക്ടറായിരുന്ന അജയ്കുമാർ തെക്കെനതിരെ വിജിലൻസ് അന്വേഷണം ശുപാർശ ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ സർക്കാർ ഈ ഫയൽ വിജിലൻസിന് കൈമാറിയില്ല. പകരം ആരോപണ വിധേയനായ ഡയറക്ടറോട് തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കൃഷിമന്ത്രിയായി വി.എസ്.സുനിൽകുമാർ ചുമതലയേറ്റശേഷം ഇതു സംബന്ധിച്ച ഫയൽ വിളിച്ചുവരുത്തി. അന്വേഷണം ആവശ്യപ്പെട്ടുള്ള അന്നത്തെ ഫയൽ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. തുടർന്നാണ് അന്വേഷണത്തിനു കളമൊരുങ്ങിയത്.

വിഎസ് സർക്കാരിന്റെ കാലത്ത് ചുമതലയേറ്റ ഡയറക്ടറെ കഴിഞ്ഞ യുഡിഎഫ് സർക്കാരും തുടരാൻ അനുവദിക്കുകയായിരുന്നു. അശോക് കുമാര്‍ തെക്കന്‍ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ സിഇഒ ആയും നാളികേര വികസന കോർപറേഷന്റെയും കേരഫെഡിന്റെയും എംഡി ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY