ഐസ്ക്രിം പാർലർ കേസ്: വിഎസിന്റെ ഹർജി തള്ളി

224

തിരുവനന്തപുരം∙ ഐസ്ക്രിം പാര്‍ലര്‍ കേസിൽ സിബിഐ അന്വേഷണം വേണമെന്നവി.എസ്.അച്യുതാനന്ദന്റെ ഹർജി സുപ്രീംകോടതി തള്ളി. അതേസമയം, വിഎസിന്റെ ഹർജി രാഷ്ട്രീയപ്രേരിതമെന്ന് സംസ്ഥാനസർക്കാർ നിലപാടെടുത്തു. കേസ് സിബിഐ അന്വേഷണത്തിനു വിടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസെൽ ജി.പ്രകാശൻ അറിയിച്ചു.

അതിനിടെ, വിഎസിന് സുപ്രീം കോടതിയുടെ വിമർശനവും കേൾക്കേണ്ടി വന്നു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കോടതിയുടെ സമയം കളയരുതെന്നു ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് കർശനമായി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ എന്തെങ്കിലും അതൃപ്തിയുണ്ടെങ്കിൽ വിഎസിന് വിചാരണക്കോടതിയെ സമീപിക്കാവുന്നതാണെന്നും പറഞ്ഞ കോടതി ഹർജിയുടെ ശരിതെറ്റുകളിലേക്കു കടന്നില്ല. ആദ്യം വിചാരണ കോടതിയെ വേണം സമീപിക്കാൻ. തുടർന്ന് അതുമായി ബന്ധപ്പെട്ട ഉയർന്ന കോടതികളെയും സമീപിച്ചശേഷമേ സുപ്രീം കോടതിയെ സമീപിക്കാവൂ. നേരിട്ട് സുപ്രീം കോടതിയെ സമീപിക്കേണ്ട കാര്യമില്ലെന്നും കോടതി അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എം.കെ.ദാമോദരനെതിരെ വിഎസിന്റെ അഭിഭാഷകന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കേസ് അട്ടിമറിച്ച വ്യക്തിയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന് വിഎസിന്റെ അഭിഭാഷകന്‍ വാദിച്ച‍ു. ദാമോദരന്റെ നിയമനം അംഗീകരിക്കില്ലെന്ന നിലപാടാണ് വിഎസ് സ്വീകരിച്ചിരുന്നത്. അതേ നിലപാടിൽ നിന്നു പിന്നോട്ടുപോകില്ലെന്നാണ് ഇന്നും ദാമോദരനെതിരെ വിഎസിന്റെ അഭിഭാഷകൻ തിരിഞ്ഞതോടെ വ്യക്തമാകുന്നത്.

അതേസമയം, സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ യുഡിഎഫ് സര്‍ക്കാരും എതിര്‍ത്തിരുന്നു. സർക്കാർ മാറിയെങ്കിലും നിലപാട് മാറില്ലെന്ന സന്ദേശമാണ് ഇതുവഴി എൽഡിഎഫ് സർക്കാരും നൽകിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY