കോഴിക്കോട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും കാനം ആവശ്യപ്പെട്ടു.
ഐസ്ക്രീം കേസില്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി പരിഗണിക്കുന്ന കോഴിക്കോട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതി വളപ്പില്‍ നിന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിക്കുള്ളില്‍ പ്രവേശിക്കാതെ പുറത്തുനില്‍ക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശമുണ്ടെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നെ അത് വിഴുങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറാമാന്‍ അഭിലാഷ്, ഡിഎസ്എന്‍ജി എഞ്ചിനീയര്‍ അരുണ്‍, ഡ്രൈവര്‍ ജയപ്രകാശ് എന്നിവരെയാണ് പൊലീസ് ജില്ലാ കോടതി വളപ്പില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്ററ് ചെയ്ത വാര്‍ത്ത നല്‍കാന്‍ സ്റ്റേഷനില്‍ നിന്ന് ഫോണ്‍ ചെയ്ത മാധ്യമ പ്രവര്‍ത്തരെ അതിന് അനുവദിക്കാതെ ഫോണ്‍ പിടിച്ചുവാങ്ങുകയും കോളറില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. തത്സമയദൃശ്യങ്ങള്‍ നല്‍കാനുപയോഗിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഡി.എസ്.എന്‍.ജി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മാധ്യമ പ്രവര്‍ത്തര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയും സംഭവം വാര്‍ത്തയാവുകയും ചെയ്ത സാഹചര്യത്തില്‍ ഏറെ നേരം സ്റ്റേഷനുള്ളില്‍ നിര്‍ത്തിയിരുന്ന ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു.