കോഴിക്കോട്: വടകരയിലെ സ്വകാര്യ മെഡിക്കല്‍ സെന്ററിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ജീവനക്കാരെ പുറത്തിറക്കിശേഷം സ്ഥാപനം അടച്ചുപൂട്ടി. ഭീകര സംഘടനയായ ഐ.എസ്സില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന ഡോ. ഇജാസ് മുമ്പ് ഇവിടെ ജോലി ചെയ്തിരുന്നു. ഐ.എസ് ബന്ധം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുംവരെ മെഡിക്കല്‍ സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞു.സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
മെഡിക്കല്‍ സെന്ററിന്റെ സഹോദര സ്ഥാപനമായ മെഡിക്കല്‍ സ്റ്റോറിലേക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് സമാധാനപരമായിരുന്നു. എന്നാല്‍ മാര്‍ച്ചിനുശേഷം മെഡിക്കല്‍ മെന്ററിലെത്തിയ പ്രവര്‍ത്തകര്‍ സ്ഥാപനത്തിന്റെ ഷട്ടര്‍ താഴ്ത്തി പുറത്തുനിന്ന് പൂട്ടി. ജീവനക്കാര്‍ സ്ഥാപനത്തില്‍ ഉണ്ടായിരുന്നതിനാല്‍ വീണ്ടും ഷട്ടര്‍ തുറന്നശേഷം ജീവനക്കാരെ പുറത്തിറക്കി. തുടര്‍ന്നാണ് സ്ഥാപനം ബലമായി അടച്ചുപൂട്ടിയത്.