കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും കഴിയില്ല : കെ.എം മാണി

197

കേരളാ കോണ്‍ഗ്ര്സ് (എം), യുഡിഎഫ് വിടുമെന്ന് വ്യക്തമായ സൂചന നല്‍കി കെ.എം മാണി. പത്തനംതിട്ടയിലെ ചരള്‍കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്യവെയാണ് മുന്നണി വിടുമെന്ന് വ്യക്തമായ സൂചന നല്‍കി കെ.എം മാണി സംസാരിച്ചത്. കേരളാ കോണ്‍ഗ്രസ് നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച മാണി, മുന്നണിയില്‍ കടുത്ത വേദന അനുഭവിക്കേണ്ടി വന്നെന്നും സൂചിപ്പിച്ചു. ഇടതു മുന്നണിയിലേക്ക് വരേണ്ടെന്ന പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവനയെയും മാണി പരിഹസിച്ചു.
കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന് ആരെയും വിരട്ടാന്‍ ലക്ഷ്യമില്ല. ആരോടും പകയില്ല. എന്നാല്‍ പാര്‍ട്ടിക്ക് അടിമത്വ മനോഭാവമോ, അപകര്‍ഷതാ ബോധമോയില്ല. സ്വതന്ത്രമായ നിലപാടാണ് സ്വീകരിക്കുന്തത്. വിഷയാധിഷ്ഠിത നിലപാടുകളാണ് സ്വീകരിക്കുന്നത്. ഓരോ കാര്യങ്ങളുടേയും ശരിയും തെറ്റും വിലയിരുത്തും. ശരിക്കൊപ്പം നില്‍ക്കും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശരി ചെയ്താല്‍ അവരെ അനുകൂലിക്കും. തെറ്റു ചെയ്താല്‍ പിണറായിയെ വിമര്‍ശിക്കും. ഇരു മുന്നണികളോടും സമദൂരമാണ് – മാണി വ്യക്തമാക്കി.
തങ്ങള്‍ കൂടി രൂപീകരിച്ച യുഡിഎഫിലാണ് ഇപ്പോള്‍ തങ്ങള്‍ ഉള്ളതെന്ന കാര്യം കോണ്‍ഗ്രസ് മറക്കരുത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ട് യുഡിഎഫിന്റെ നേതൃത്വം നല്‍കിയ പാര്‍ട്ടിയാണു കേരള കോണ്‍ഗ്രസ്. ഞങ്ങളുടെ നിലപാട് പുനഃപരിശോധിക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നു. എന്തു വേണമെന്ന് ചര്‍ച്ച ചെയ്യും. എന്തു വേണമെന്ന് തനിക്കുപോലും നിശ്ചയമില്ല. ഇന്നു ഗഹനമായ ചര്‍ച്ചയിലേക്കു കടക്കുകയാണ്. ഈ മുന്നണിയില്‍ ഒരുപാടു വേദന സഹിക്കേണ്ടിവന്നിട്ടുണ്ട്. പരസ്പര സ്നേഹവും വിശ്വാസവും ഇല്ലെന്നു വന്നാല്‍ ആര്‍ക്ക് എന്തു രക്ഷ? ഞങ്ങള്‍ക്കു പീഡനങ്ങളും പരീക്ഷണങ്ങളും നിന്ദനകളും മാത്രം. എന്തെല്ലാം ആക്ഷേപങ്ങള്‍ തങ്ങള്‍ക്കെതിരെ ഉന്നയിച്ചു – മാണി ചോദിക്കുന്നു.
ബജറ്റ് വിറ്റ മാണിയെന്നു പറ‍ഞ്ഞു. ബജറ്റില്‍ ടാക്സ് ഇളവു ചെയ്തുകൊടുത്താല്‍ ഉപഭോക്താക്കള്‍ക്കല്ലേ ഗുണം. എന്തു വൃത്തികേടുകളാണു പ്രചരിപ്പിച്ചത്. ഈ രീതിയിലാണു പോകുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ബജറ്റെന്നു കേട്ടാല്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. അതു മാറ്റിയതു കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 12 ബജറ്റുകളാണ്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇന്ത്യയുടെ ദേശീയ ശരാശരിക്കു മുന്നില്‍ നില്‍ക്കുന്നെങ്കില്‍ അതിനു പ്രധാന കാരണം കേരള കോണ്‍ഗ്രസ് അവതരിപ്പിച്ച ഈ ബജറ്റുകളാണ് – മാണി അവകാശപ്പെടുന്നു. കേരളത്തിന്റെ വികസനം ത്വരിതപ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് ചെയ്ത സേവനങ്ങള്‍ എത്ര വലുതാണ്. മനുഷ്യനെ മനസിലാക്കിയ പാര്‍ട്ടിയാണു കേരള കോണ്‍ഗ്രസെന്നും മാണി പറഞ്ഞു.

NO COMMENTS

LEAVE A REPLY