കുളച്ചിലില്‍ ആശങ്ക; കേരള സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും

142

തിരുവനന്തപുരം: കുളച്ചൽ തുറമുഖത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത് വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടിയാകുമെന്നാണ് കേരളത്തിന്‍റെ വിലയിരുത്തൽ. വിഴിഞ്ഞം തുറമുഖത്തിനടുത്ത് കുളച്ചലിൽ കേന്ദ്ര സർക്കാർ തുറമുഖം അനുവദിച്ചതിലെ ആശങ്ക അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള കേരളസംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും.
കേരളത്തിന്‍റെ ആശങ്ക പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കാൻ സംസ്ഥാനത്തെ എംപിമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ കാണുന്നത്.
സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എംപിമാരായ പി കരുണാകരൻ, ശശിതരൂർ, സുരേഷ് ഗോപി, സിപി നാരായണൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകും. റബ്ബറിന്‍റെ വിലയിടിവ് തടയുന്നതിന് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുന്നതിനും നടപടി വേണമെന്നും ആവശ്യപ്പെടും.
വ്യോമയാന മന്ത്രി അശോക് ഗ‍‍ജപതി രാജു, രാസവള മന്ത്രി അനന്ദ് കുമാർ,വിദേശകാര്യമന്ത്രി സുഷമസ്വരാജ് എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തും.ശനിയും ഞായറുമായി നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്തതിന് ശേഷമാകും മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലേക്ക് മടങ്ങുക.

NO COMMENTS

LEAVE A REPLY