കോണ്‍ഗ്രസ്സിനെ ആരും വിരട്ടാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാണിക്ക് മറുപടിയുണ്ടെങ്കിലും അന്തിമതീരുമാനം വന്നശേഷം പ്രതികരിക്കാമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ വ്യക്തമാക്കി. മാണിക്കായി ബിജെപിയുടെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം പ്രതികരിച്ചപ്പോള്‍ ബി.ജെ.പി-മാണി ബന്ധം ആത്മഹത്യാപരമായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
വര്‍ഷങ്ങളായുള്ള ബന്ധം മുറിച്ചെന്നുറപ്പിച്ച് സമദൂരം പ്രഖ്യാപിച്ചതോടെ മാണിക്കെതിരെ കോണ്‍ഗ്രസ്സും നിലപാട് കടുപ്പിച്ചുതുടങ്ങി. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മാണി ഇത്ര കടുപ്പിച്ച് പറയുമെന്ന് കോണ്‍ഗ്രസ് കരുതിയിരുന്നില്ല. എന്നാല്‍ അന്തിമതീരുമാനം വരെ കാത്തിരിക്കാമെന്നാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഇത്രയും നാള്‍ ഒപ്പം നിന്ന പാര്‍ട്ടിയെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. അതേ സമയം മാണി വിരുദ്ധ കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടും കല്‍പ്പിച്ചുള്ള വിമര്‍ശനം തുടങ്ങി. ബാര്‍കോഴ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പന്തളം സുധാകരനും ജോസഫ് വാഴക്കനും വെല്ലുവിളിച്ചു
മാണിയുടെ നീക്കം ബിജെപി പാളയമാണന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വാതിലുകള്‍ തുറന്നിട്ട് കാത്തിരിക്കുകയാണെന്നായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. ബിജെപിയിലേക്ക് പോയാല്‍ പാര്‍ട്ടിയില്‍ മാണിയും മകനും മാത്രമായിരിക്കുമെന്ന് പറഞ്ഞ കോടിയേരി എല്‍ഡിഎഫ് തല്‍ക്കാലം കാഴ്ച്ചക്കാരുടെ റോളിലാണെന്ന് വ്യക്തമാക്കി.