മലബാർ സിമന്‍റ്സിലെ ചാക്ക് അഴിമതി കേസിൽ മുൻ എംഡി എസ് എസ് മോനിയും വ്യവസായി വി എം രാധാകൃ്ഷണനും മകനുമടക്കം 11 പേർക്കെതിരെ വിജിൻസ് കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചാക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട് 4.59 കോടി രൂപയുടെ നഷ്ടം മലബാർ സിമന്‍റ്സിനുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
2011 ൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഋഷി പാക്കേഴ്സ് ലിമിറ്റഡിൽ നിന്ന് അധിക വില നൽകി ലാമിനേറ്റഡ് ചാക്ക് വാങ്ങിയെന്നാണ് കേസ്. 2003 മുതൽ 2007 വരെയുള്ള കാലയളവിലാണ് വി എം രാധാകൃഷണന്‍റെ മകൻ നിഥിൻ പാർട്നൻ ആയ പയനിയർ എന്‍റർപ്രൈസസ് എന്ന സ്ഥാപനത്തിന് ചാക്കൊന്നിന് 2.25 രൂപ തോതിൽ ഋഷി പാക്കേഴ്സ് കമ്മിഷൻ നൽകിയത്. മലബാർ സിമന്‍റ്സിലേക്കുള്ള ചാക്ക് ഓർഡറിന് ഇടനിലക്കാരായി പ്രവർത്തിച്ചതിന്‍റെ കമ്മിഷനായിരുന്നു ഇത്. മലബാർ സിമന്‍റ്സ് മുൻ എം ഡി എസ് എസ് മോനി, മുൻ ജി എം കെ മുരളീധരൻ നായർ, ഡപ്യൂട്ടി മാനേജർമരായ കെ ശ്രീധർ, ആർ രവി തുടങ്ങിയവരും വി എം രാധാകൃഷന്‍റെ സുഹൃത്തിന്‍റെ മകൻ ചന്ദ്ര മൗലി ഋഷി പാക്കേഴ്സ് എ ഡി ഹർഷദ് ബി പട്ടേൽ എന്നവരും കേസിൽ പ്രതികളാണ്. 2008 ൽ ഫ്ലൈ ആഷ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കുന്നതിന് വി എം രാധാകൃഷ്ന്‍റെ ഓഫീസ് റെയ്ഡ് നടത്തിയപ്പോഴാണ് ചാക്ക് അഴിമതി കേസിന്‍റെ പ്രധാന രേഖകൾ വിജിലൻസിന് ലഭിച്ചത്. നേരത്തെ കുറ്റപത്രം സമർപ്പിച്ച നാലുകേസുകളിൽ മുൻ എം ഡി എസ് എസ് മോനിയും മൂന്നു കേസുകളിൽ വി എം രാധാകൃഷ്ണനും പ്രതിചേർക്കപ്പെട്ടുണ്ട്. നിലവിലെ എംഡി ഉൾപ്പെടെ ഏഴു പേർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇവരെ മാറ്റേണ്ടതില്ലെന്ന് മലബാർ സിമന്‍റ്സ് സന്ദർശിച്ച വ്യവസായ മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി.
ഡി വൈ എസ് പി സുകുമാരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 55 ഓളം രേഖകൾ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.