ദില്ലി: യെമനില്‍ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോയ ഭീകരര്‍ പിടിയില്‍. യെമന്‍ നഗരമായ ഏഡനിന് സമീപത്തെ സൈല എന്ന സ്ഥലത്തുനിന്നുമാണ് ഇവര്‍ പിടിയിലായതെന്നും ഇവര്‍ അല്‍ഖ്വയ്ദ ഭീകരസംഘടനയിലെ അംഗങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്ത വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് യെമനിലെ ഇന്ത്യന്‍ ഏംബസിക്ക് അറിയിപ്പ് ലഭിച്ചതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ ഇക്കാര്യം പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല.
ഈ വര്‍ഷം മാര്‍ച്ചിലാണ് ഏഡനിലെ മിഷനറീസ് ഓഫ് ചാരിറ്റി വൃദ്ധമന്ദിരം ആക്രമിച്ച് നാല് ഇന്ത്യന്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ സംഘം വൃദ്ധസദനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാ. ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്.
അടുത്തിടെ ടോം ഉഴുന്നാലിലിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഭീകരര്‍ പുറത്തുവിട്ടിരുന്നു. ഫാ. ഉഴുന്നാലില്‍ ഭീകരരുടെ തടവിലാണെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നെങ്കിലും തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രം കണ്ടെത്തനായിരുന്നില്ല.