വ്യോമസേനാ വിമാനം കണ്ടെത്താന്‍ ഐഎസ്ആര്‍ഒയുടെ സഹായം തേടി

187

ദില്ലി: വ്യോമസേനയുടെ കാണാതായ എഎന്‍ 32 വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തെരച്ചില്‍ നടത്തി വന്നിരുന്ന എട്ടു വിമാനങ്ങള്‍ ഇന്നലെ രാത്രിയോടെ കപ്പലുകളിലേയ്ക്ക് മടങ്ങി. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഉടന്‍ തെരച്ചില്‍ തുടരുമെന്ന് സൈന്യം വ്യക്തമാക്കി.
വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും രണ്ട് വിമാനങ്ങള്‍ വീതവും നാവികസേനയുടെ നാലും വിമാനങ്ങളാണു ബംഗാള്‍ ഉള്‍ക്കടലില്‍ തെരച്ചില്‍ നടത്തിയിരുന്നത്. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റേതുമായി 17 കപ്പലുകളും ഒരു മുങ്ങിക്കപ്പലും തെരച്ചില്‍ സംഘത്തിലുണ്ട്.
വിമാനം കാണാതായിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും ഒരു സൂചനകളും ലഭിയ്ക്കാത്തതിനെത്തുടര്‍ന്ന് പ്രതിരോധമന്ത്രാലയം ഐഎസ്ആര്‍ഒയുടെ സഹായം തേടിയിട്ടുണ്ട്. ഭൂതലനീരീക്ഷണ ഉപഗ്രഹമായ റിസാറ്റ് ഉപയോഗിച്ച് വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ തുടരും.
വെള്ളിയാഴ്ച രാവിലെ 8.46 ഓടെയാണ് 29 വൈമാനികരുമായി വ്യോമസേനയുടെ എ എന്‍ 32 വിമാനം നിരീക്ഷണത്തിനുള്ള റഡാര്‍ സംവിധാനത്തില്‍നിന്ന് അപ്രത്യക്ഷമായത്.

NO COMMENTS

LEAVE A REPLY