ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുളള ഏകീകൃത പൊതുപരീക്ഷയായ നീറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ സീറ്റുകള്‍ക്ക് ഈ വര്‍ഷം ഇളവ് നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി.
ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷ നടത്തുകയും പ്രവേശന നടപടികള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഒന്നര മണിക്കൂര്‍നീണ്ട വാദത്തിന് ഒടുവിലാണ് ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. വിദ്യാര്‍ഥികളുടെ താത്പര്യാര്‍ഥം രാജ്യമൊന്നാകെ ഒരു പ്രവേശന പരീക്ഷ മതിയെന്ന കോടതി ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയ നടപടിയിലാണ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.