തിരുവനന്തപുരം: സാമ്പത്തിക ഉപദേഷ്ടാവിനെ ചൊല്ലി വിവാദം കൊഴുക്കുമ്പോള്‍ ഗീതാ ഗോപിനാഥിന്റെ നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി .
ലോകമറിയുന്ന സാമ്പത്തിക വിദഗ്ധയുടെ ഉപദേശം സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മുഖ്യമന്ത്രി ചോദിച്ചു. അതേസമയം ഗീതാ ഗോപിനാഥിന്റെ നിയനം ഇടത് അണികള്‍ക്കിടയില്‍ പോലും വലിയ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നാണ് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം.
ഇടത് വിമര്‍ശകയായ ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതില്‍ വിവാദം തുടരുമ്പോഴാണ് നടപടി ന്യായീകരിച്ച് മുഖ്യമന്ത്രി എത്തുന്നത്. ലോകമറിയുന്ന മലയാളി സാമ്പത്തിക വിദദ്ധയുടെ അറിവും അനുഭവ പരിചയവും പ്രയോജനപ്പെടുത്തുന്നത് തെറ്റല്ല . ഒരു പ്രശ്‌നത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടാകുന്നത് സ്വാഭാവികം. ഉള്‍ക്കൊള്ളാവുന്ന ഉപദേശം മാത്രമാണ് സ്വീകരിക്കുകയെന്നും അതില്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നുമാണ് പിണറായി വിജയന്റെ വിശദീകരണം.
എന്നാല്‍ നിയമനത്തെ അല്ല അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയാണ് പേടിക്കേണ്ടതെന്നാണ് മറുപക്ഷം. നവ ലിബറല്‍ സാമ്പത്തികാശങ്ങള്‍ക്ക് ഇടത് സര്‍ക്കാര്‍ തന്നെ പ്രചാരം നല്‍കുന്നതില്‍ രാഷ്ട്രീയ ശരികേടുണ്ടെന്ന് മുന്‍ ഐടി ഉപദേഷ്ടാവും വിഎസ് പക്ഷക്കാരനുമായ ജോസഫ് സി മാത്യു പറഞ്ഞു.
അതേസമയം നിയമന വിവാദത്തില്‍ ക്യാമറക്ക് മുന്നില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല . പുതിയ സാമ്പത്തിക ഉപദേഷ്ടാവിനെ കുറിച്ച് ധന മന്ത്രി തോമസ് ഐസക്കും മൗനം തുടര്‍ന്നു
നിയമോപദേഷ്ടാവിന് പിന്നാലെ സാമ്പത്തിക ഉപദേഷ്ടാവും വിവാദക്കുരുക്കിലാകുന്നതില്‍ പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും വലിയ അതൃപതിയുണ്ട്.