മലപ്പുറം: പ്ലസ് വൺ വിദ്യാർത്ഥിയെ മുതിർന്ന വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തതായി പരാതി. തിരുനാവായ നാവാ മുകുന്ദ ഹയർസെക്കന്‍ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് ഫായിസിനാണ് മർദ്ദനമേറ്റത്.
വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഫായിസിനെ മുതിർന്ന വിദ്യാർത്ഥികൾ സംഘം ചേർന്നു മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി. ഷൂവും ടീ ഷർട്ടും ധരിക്കരുതെന്നാവശ്യപ്പെട്ട് നിരന്തരമായി സംഘം ശല്യം ചെയ്തിരുന്നെന്ന് ഫായിസ് പറഞ്ഞു.
പരിക്കേറ്റ് അവശനായ ഫായിസിനെ സ്കൂളിലെ അധ്യാപകരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂൾ അധികൃതർ രേഖാ മുലം പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
അതേ സമയം റാഗിങ്ങ് നടന്നിട്ടില്ലെന്നും, സംഘർഷത്തിൽ തങ്ങൾക്കും പരിക്കേറ്റിട്ടുണ്ടെന്നും കാട്ടി മുതിർന്ന വിദ്യാർത്ഥികളായ മൂന്നു പേരും ചികിത്സ തേടിയിട്ടുണ്ട്.