കോഴിക്കോട്: കോഴിക്കോട് നടക്കുന്ന എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ബഹിഷ്ക്കരിച്ചു. ചടങ്ങിന് ക്ഷണിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിക്കാത്തതാണ് ഋഷിരാജ് സിംഗിനെ ചൊടിപ്പിച്ചത്. എക്സൈസ് മന്ത്രി കൂടി പങ്കെടുത്ത ചടങ്ങാണ് കമ്മീഷണര്‍ അവഗണിച്ചത്.
ശനി, ഞായര്‍ ദിവസങ്ങിലായാണ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കോഴിക്കോട് നടക്കുന്നത്. ഉദ്ഘാടന ചടങ്ങിലേക്കാണ് മന്ത്രി ടി പി രാമകൃഷ്ണനൊപ്പം എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെയും ക്ഷണിച്ചത്.
എന്നാല്‍ ക്ഷണിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ചിരുന്നില്ല. ഡ്യൂട്ടിയിലാണോയെന്ന കമ്മീഷണറുടെ ചോദ്യത്തിന് അതേ എന്ന് ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞപ്പോള്‍ യൂണിഫോം എവിടെ എന്നായി അടുത്ത ചോദ്യം. യൂണിഫോം ധരിക്കാത്തത് അച്ചടക്കമില്ലായ്മയാണെന്നും യൂണിഫോം ധരിച്ചിട്ടല്ലേ സംഘടനയില്‍ അംഗമായതെന്നു കൂടി ഋഷിരാജ് സിംഗ് ചോദിച്ചു.
ഉദ്ഘാടന ദിവസം ഓര്‍മ്മപ്പെടുത്താന്‍ വിളിച്ച ഉദ്യോഗസ്ഥരോട് പരിപാടിക്ക് വരാന്‍ താല്‍പര്യമില്ലെന്നറിയിച്ച കമ്മീഷണര്‍ അച്ചടക്കത്തെ കുറിച്ച് വീണ്ടും ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. മന്ത്രി ടി പി രാമകൃഷ്ണനടക്കം പരിപാടിയില്‍ പങ്കെടുത്തെങ്കിലും കമ്മീഷണര്‍ അത് ബഹിഷ്ക്കരിച്ചു . ജില്ലയില്‍ ഉണ്ടായിരുന്ന ഋഷിരാജ് സിംഗ് ഈ സമയം മറ്റ് പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു.