റിയാദ്: മറ്റു രാജ്യങ്ങളിലെ തൊഴിലാളികളെ പോലെ ഇന്ത്യക്കാര്‍ക്കും സൗദിയില്‍ എല്ലാ സംരക്ഷണവും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം മക്കാ പ്രവിശ്യാ മേധാവി അബ്ദുല്ലാ ഒലയാന്‍ ഉറപ്പ് നല്‍കി. തൊഴില്‍ പ്രശ്‌നമുള്ള സൗദി ഓജര്‍ കമ്പനിയില്‍ നിന്ന് നാട്ടില്‍ പോകുന്ന തൊഴിലാളികള്‍ക്ക് വീണ്ടും സൗദിയില്‍ വരുന്നതിനു വിലക്കുണ്ടാകില്ല. ഇഖാമയുടെ കാലാവധി തീര്‍ന്നതിന്റെ പേരില്‍ ഇവരെ പോലീസ് പിടി കൂടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, സൗദി ഓജര്‍ കമ്പനിയിലെ എല്ലാ തൊഴിലാളികള്‍ക്കും സൗജന്യമായി ഇഖാമ പുതുക്കാനും, ഫൈനല്‍ എക്‌സിറ്റ് അടിക്കാനും, സ്‌പോണ്‍സര്‍ഷിപ്പ് മാറാനും സൗകര്യം ഉണ്ടാകുമെന്ന് തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള ഒലയാന്‍ പറഞ്ഞു. ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ വരുന്നതിനു വിലക്ക് ഉണ്ടാകില്ല. സൗദി ഓജര്‍ കമ്പനിയുടെ ജിദ്ദയിലെ സൊജക്‌സ് ലേബര്‍ കമ്പില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഖാമയുടെ കാലാവധി തീര്‍ന്നതിന്റെ പേരില്‍ ഈ കമ്പനിയിലെ തൊഴിലാളികളെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അബ്ദുള്ള ഒലയാന്‍ പറഞ്ഞു.
കമ്പനിയില്‍ നിന്നും തൊഴിലാളികള്‍ക്ക് കിട്ടാനുള്ള പണം ഏത് മാര്‍ഗത്തിലൂടെയും വാങ്ങിക്കൊടുക്കും. നാട്ടിലേക്ക് പോകുന്നവര്‍ക്ക് ശമ്പള കുടിശിക ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കും. വിദേശ തൊഴിലാളികള്‍ സൗദിയുടെ അതിഥികളാണ്. എല്ലാ വിദേശ തൊഴിലാളികള്‍ക്കും ലഭിക്കുന്ന പരിഗണന ഇന്ത്യക്കാര്‍ക്കും ലഭിക്കും. ഇന്ത്യന്‍ തൊഴിലാളികളുടെ കാര്യത്തില്‍ ഇന്ത്യാ സര്‍ക്കാരും കോണ്‍സുലേറ്റും ചെയ്യുന്ന കാര്യങ്ങള്‍ പ്രശംസനീയമാണെന്നും അബ്ദുള്ള ഒലയാന്‍ പറഞ്ഞു.