രാജ്യത്തെ നടുക്കിയ ബലാത്സംഗക്കേസില്‍ ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥരെ സര്‍ക്കാര്‍ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വെള്ളിയാഴ്ച രാത്രി ദേശീയപാത 91ല്‍ അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിയുമായി മുന്നോട്ട് പോകുന്നത്.
ബുലന്ദ്ഷഹറിലെ പൊലീസ് സീനിയര്‍ സൂപ്രണ്ട് വൈഭവ് കിഷന്‍, സിറ്റി എസ്.പി റാം മോഹന്‍ സിങ്, സര്‍ക്ക്ള്‍ ഓഫീസര്‍ ഹിമാന്‍ഷു ഗൗരവ്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റാംസേന്‍ സിങ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഇതോടൊപ്പം കേസിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് 24 മണിക്കൂര്‍ സമയം അനുവദിക്കുന്നതായി മുഖ്യമന്ത്രി അഖിലേഷ് യാദവ് അറിയിച്ചു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയോടും ഡിജിപിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.
ഡല്‍ഹി-കാണ്‍പുര്‍ ദേശീയ പാത 91ല്‍ വെള്ളിയാഴ്ച രാത്രിയാണ് നോയിഡ സ്വദേശിയായി 35 കാരിയായ യുവതിയും ഇവരുടെ 14 വയസുള്ള മകളും ക്രൂരമായ പീഡനത്തിന് ഇരയായത്. ബന്ധുവിന്‍റെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ നോയിഡയില്‍ നിന്നും ഷാജഹാന്‍പുരിലേക്കു പോകുകയായിരുന്ന കുടുംബമാണ് ആക്രമിക്കപ്പെട്ടത്. നോയിഡയിലെ സെക്ടര്‍ 68 ലെ വീട്ടില്‍നിന്നും വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ പുറപ്പെട്ട കുംടുംബം സഞ്ചരിച്ചിരുന്ന കാര്‍ ബുലന്ദേശ്വറിലെ ദോസ്ത്പുര്‍ ഗ്രാമത്തിലെത്തിയപ്പോള്‍ കവര്‍ച്ചാ സംഘം ആക്രമിക്കുകയായിരുന്നു.