ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കാണാതായ എ.എന്‍ 32 വിമാനത്തിന് വേണ്ടിയുള്ള തെരച്ചിലിനിടെ സമുദ്രോപരിതലത്തില്‍ കണ്ടെത്തിയ ഓറഞ്ച് നിറത്തിലുള്ള വസ്തുക്കള്‍ വിമാനത്തിന്റെ ഭാഗമല്ലെന്ന് പ്രതിരോധ മന്ത്രാലയം. നേരത്തെ ഈ വസ്തുക്കള്‍ കാണാതായ വിമാനത്തിന്റേതാകാമെന്ന് തെരച്ചില്‍ സംഘം സംശയം പ്രകടിപ്പിച്ചരുന്നു. ഇത് നിഷേധിച്ച മന്ത്രാലയം വിമാനവുമായി ബന്ധപ്പെട്ട ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
അഞ്ച് ദിവസമായിട്ടും കാണാതായ വിമാനത്തെപ്പറ്റി സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ തെരച്ചില്‍ കടലിന്റെ അടിത്തട്ടിലേക്ക് കൂടി വ്യാപിപ്പിയ്‌ക്കാന്‍ നാവികസേനയുടെ സാഗര്‍ നിധി എന്ന അത്യാധുനിക സൗകര്യങ്ങളുള്ള കപ്പല്‍ മൗറീഷ്യസില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലിലേയ്‌ക്ക് തിരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ച് കാണാതായ എ.എന്‍ 32 വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നതിനിടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഓറഞ്ച് നിറത്തിലുള്ള ചില വസ്തുക്കള്‍ സംയുക്ത തെരച്ചില്‍ സംഘം കണ്ടെത്തിയത്. വിമാനത്തിന്‍റെ അവശിഷ്‌ടങ്ങളെന്ന് തോന്നിയ്‌ക്കുന്ന തരത്തിലുള്ള ഡ്രം പോലുള്ള ചില വസ്തുക്കള്‍ സമുദ്രോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നതായി ഐഎസ്ആര്‍ഒയുടെ റിസാറ്റ് എന്ന ഭൂതലനിരീക്ഷണ ഉപഗ്രഹത്തില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ഈ പ്രദേശത്തേയ്‌ക്ക് തെരച്ചില്‍ കേന്ദ്രീകരിയ്‌ക്കാന്‍ തെരച്ചില്‍ സംഘം തീരുമാനിച്ചു. ഇതിന് ശേഷമാണ് ഈ അവശിഷ്‌ടങ്ങളും കാണാതായ വിമാനത്തിന്റേതല്ലെന്ന് വ്യക്തമായത്. നേരത്തേ രണ്ട് തവണ കടലില്‍ നിന്ന് കണ്ടെത്തിയ ലോഹാവശിഷ്‌ടങ്ങളും മറ്റും പിന്നീട് എ.എന്‍ 32 വിമാനത്തിന്‍റേതല്ലെന്ന് തെളിഞ്ഞിരുന്നു. രണ്ട് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ സമുദ്രോപരിതലത്തിലാണ് ഇപ്പോള്‍ സൈന്യം തെരച്ചില്‍ നടത്തി വരുന്നത്.