വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി വിര്‍ജ്ജീനിയ സെനറ്റര്‍ ടിം കെയിനിനെ ഹില്ലരി ക്ലിന്റണ്‍ പ്രഖ്യാപിച്ചു. ഇരുവരും ഒന്നിച്ചുള്ള ആദ്യ പൊതു പരിപാടിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ കടുത്ത ഭാഷയില്‍ കെയ്ന്‍ വിമര്‍ശിച്ചു.
തിങ്കളാഴ്ച ഫിലാഡെല്‍ഫിയയില്‍ നടക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനു മുന്നോടിയായാണു വിര്‍ജീനിയ സെനറ്റര്‍ ടിം കെയ്‌നിന്റെ സ്ഥാനാര്‍ഥിത്വം ഹില്ലരി ക്ലിന്റണ്‍ പ്രഖ്യാപിച്ചത്. അമേരിക്കയിലെ മിയാമിയില്‍ നടന്ന പൊതുപരിപാടിയില്‍ തന്റെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ഥിയെ ഹില്ലരി പ്രശംസ കൊണ്ടു മൂടി. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ കെയ്‌നിന്റെ സ്ഥാനാര്‍ത്ഥിത്വം ഹില്ലരി അറിയിച്ചിരുന്നു.
കെയ്‌നിനെതിരെ ശക്തമായ വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തി. തട്ടിപ്പുകാരിയായ ഹില്ലരിയും അഴിമതിക്കാരനായ കെയ്‌നും ചേര്‍ന്നാല്‍ അമേരിക്കയ്ക്ക് പുരോഗതിയുണ്ടാകില്ലെന്ന് ട്രംപിന്റെ വക്താവ് ജേസണ്‍ മില്ലര്‍ പറഞ്ഞു.
എന്നാല്‍ തൊഴിലാളി സമൂഹത്തിന്റെ ശക്തമായ പിന്തുണയുള്ള 58 കാരനായ ടിം കെയ്ന്‍ ഹില്ലരിക്ക് വിജയം സമ്മാനിക്കുമെന്നാണു ഡമോക്രാറ്റുകളുടെ വാദം.