തിരുവനന്തപുരം: യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ബാര്‍കോഴക്കേസിലെ ഗൂഢാലോചനാ വിവാദമടക്കം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ പരസ്യ പ്രസ്താവനകളൊഴിവാക്കാന്‍ സമവായ ചര്‍ച്ചകള്‍ ഉണ്ടാകും. കോണ്‍ഗ്രസിനുള്ളിലെ ഭിന്നത മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കരുതെന്നും ഘടകകക്ഷികള്‍ ആവശ്യപ്പെടും. അതിരപ്പള്ളി പദ്ധതിയെ അനുകൂലിച്ചുള്ള യുഡിഎഫിന്റെ മുന്‍ നിലപാടില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്.
തിരഞ്ഞെടുപ്പ് അവലോകനമാണ് യുഡിഎഫ് യോഗ അജണ്ട. എന്നാല്‍ ബാര്‍ക്കോഴക്കേസ് ഗൂഢാലോചനയാണെന്നുറപ്പിക്കുന്ന കേരള കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയ സാഹചരപ്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്. ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുമെതിരെ മുഖ പത്രമായ പ്രതിഛായയിലൂടെ ആഞ്ഞടിച്ചിരുന്നു. രമേശിനെതിരെ ഹൈക്കമാണ്ടിനു വരെ പരാതിയും നല്‍കി. യുഡിഎഫ് വിടില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും സ്വരചേര്‍ച്ച ഇല്ലായ്മ പ്രകടമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രശ്‌ന പരിഹാരം തേടുന്നത്. വിവാദ പ്രസ്താവനകളും പരസ്യ നിലപാടുകളും ഒഴിവാക്കണമെന്ന നിര്‍ദേശം യോഗത്തിലുണ്ടാകും. മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയേക്കും. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തമ്മില്‍പോര് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നുണ്ടെന്ന പരാതി മറ്റ് ഘടകകക്ഷികള്‍ക്കുമുണ്ട്. സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനും അതിനെതിരെ നിലപാട് സ്വീകരിക്കാനും പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന വിമര്‍ശനവും ചര്‍ച്ചയാകും. അടുത്ത മാസം യുഡിഎഫ് ജില്ലാ കണ്‍വീനര്‍മാര്‍ പങ്കെടുക്കുന്ന വിപുലമായ യോഗം ഉണ്ട്. ഇതിനുമുമ്പ് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുകയാണ് ലക്ഷ്യം.
ഇതിനൊപ്പം അതിരപ്പള്ളി പദ്ധതിയും ചര്‍ച്ചാ വിഷയമാണ്. നേരത്തെ പദ്ധതിയെ അനുകൂലിച്ച യുഡിഎഫ് ആ നിലപാടില്‍ വിട്ടുവീഴ്ച വരുത്തിയേക്കും. അതിരപ്പള്ളി സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവിന്റെ റിപ്പോര്‍ട്ടും പദ്ധതി വേണ്ടായെന്ന തരത്തിലാണ്. ഈ റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്യും.