അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സൗരഭ് പട്ടേൽ അടക്കം ആനന്ദി ബെൻ പട്ടേലിന്‍റെ വിശ്വസ്തരായിരുന്ന പല മുതിർന്ന നേതാക്കളെയും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല.പട്ടേൽ സമുദായത്തിൽ നിന്നും എട്ട് പേരാണ് വിജയ് രൂപാണി മന്ത്രിസഭയിൽ ഉള്ളത്.
വിജയ് രൂപാണിയുടെ നേതൃത്വത്തിൽ 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്.ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ദേശീയ അദ്ധ്യക്ഷൻ അമിത്ഷാക്കൊപ്പം,എൽ.കെ അദ്വാനിയും കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയും എത്തിയിരുന്നു. തെലങ്കാനയിലായതിനാൽ തന്‍റെ പിൻഗാമിയുടെ സത്യപ്രതിജ്ഞക്ക് മോദി എത്തിയില്ല.
പിണങ്ങി നിൽക്കുന്ന ആനന്ദി ബെൻ പട്ടേൽ ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ ആനന്ദി ബെൻ പട്ടേൽ ഗവർണ്ണറെ കാണാൻ രൂപാണിക്കൊപ്പം പോകാതിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് രൂപാണി മന്ത്രിസഭയിൽ ആനന്ദി ബെൻ പട്ടേലിന്‍റെ പ്രധാന വിശ്വസ്തരെ ഒഴിവാക്കി. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി പദത്തിലേക്ക് വരെ ഉയർന്ന് കേട്ട സൗരഭ് പട്ടേൽ, വനിതാ നേതാവ് വാസുബെൻ ത്രിവേദി,ഗോവിന്ദ് പട്ടേൽ തുടങ്ങിയവരാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രമുഖർ.
ആനന്ദി മന്ത്രിസഭയിൽ മൂന്നാമനായിരുന്ന രമണ്‍ ലാൽ വോറ സ്പീക്കറാകും. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അടക്കം പാട്ടീദാർ സമുദായത്തിൽ നിന്നും എട്ട് പേർ രൂപാണി മന്ത്രിസഭയിലുണ്ട്. ദളിത് പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ ദളിത്, പിന്നോക്ക വിഭാഗത്തിൽ നിന്നുമുള്ള നേതാക്കൾക്കും മികച്ച പരിഗണന ബിജെപി നൽകി.