ഗീത ഗോപിനാഥിന്‍റെ നിയമനത്തിനെതിരെ വിഎസ്

162

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥിനെ നിയോഗിച്ചതിന് എതിരെ വിഎസ് അച്യുതാനന്ദന്‍. നിയമനത്തിനെതിരെ വി എസ് സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകി.
സിപിഐ എം ജന.സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇക്കാര്യത്തിൽ വി.എസ് പരാതി നൽകിയത്. ഗീത ഗോപിനാഥ് മുമ്പ് സ്വീകരിച്ച പല നിലപാടുകളും പാര്‍ടിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു. ഒപ്പം കേരളത്തിന്‍റെ പൊതു വികസനത്തിന് ഒട്ടുംചേര്‍ന്ന സമീപനമല്ല ഗീത ഗോപിനാഥിന്‍റേതെന്നും വി.എസ്.നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രഭാത് പട്നായിക് ഉൾപ്പടെ പാര്‍ടിയുമായി ബന്ധമുള്ള ചില ബുദ്ധിജീവികളും ഇക്കാര്യത്തിലുള്ള എതിര്‍പ്പ് ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകി.
അതേസമയം ഗീതാ ഗോപിനാഥിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നു. സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചത് പാർട്ടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ പിന്‍തുടരുന്ന ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ നേരത്തെ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എതിര്‍പ്പ് ശക്തമായിരുന്നു. തോമസ് ഐസകിനെ വിശ്വാസമില്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രി പുതിയ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ തുറന്നടിച്ചിരുന്നു.
നിയമോപദേഷ്ടാവായി എം.കെ. ദാമോദരനെ പിന്‍വലിച്ച വിവാദത്തിന്‍റെ ചൂടാറും മുന്‍പാണു പുതിയ സാമ്പത്തിക ഉപദേഷ്ടാവിന്‍റെ നിയമനം നടത്തിയത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫസറും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയുമായ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥിനെയാണ് മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവി നല്‍കി ഉപദേഷ്ടാവാക്കിയത്.
ധനമന്ത്രിയായി തോമസ് ഐസകും ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ വികെ രാമചന്ദ്രനും ഉണ്ടെന്നിരിക്കെ സിപിഎമ്മിന്‍റെ സാമ്പത്തിക നയങ്ങളുടെ കടുത്ത വിമര്‍ശകയായ ഗീതയുടെ നിയമനം ഇടതു കേന്ദ്രങ്ങളില്‍ പോലും അലോസരമുണ്ടാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY