ഇസ്താംബൂള്‍: പട്ടാള അട്ടിമറിശ്രമം നടന്ന തുര്‍ക്കിയില്‍ പ്രസിഡന്റ് തയിബ് എര്‍ദോഗന്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എര്‍ദോഗന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷമാണ് പ്രഖ്യാപനം.
അട്ടിമറിശ്രമം നടത്തിയ ‘ഭീകരസംഘത്തെ’ അടിച്ചവര്‍ത്താന്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് എര്‍ദോഗന്‍ പറഞ്ഞു. ജനാധിപത്യം നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ വിട്ടുവീഴ്ചയില്ല. അമേരിക്കയിലുള്ള മതപുരോഹിതന്‍ ഫത്തേയുള്ള ഗുലനാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം അടക്കമുള്ളവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം ഉണ്ടാവുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ക്കും വ്യാപാരത്തിനും നിയന്ത്രണം ഉണ്ടാവില്ല.
പട്ടാള അട്ടിമറി ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന 50,000 ത്തോളം പേരാണ് തുര്‍ക്കിയില്‍ അറസ്റ്റിലായത്. ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് സംശയിക്കുന്ന നിരവധിപേരെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കി. സൈനിക ഉദ്യോഗസ്ഥര്‍, പോലീസുകാര്‍, ന്യായാധിപര്‍, അധ്യാപകര്‍ തുടങ്ങിയവരെയാണ് പരാജയപ്പെട്ട സൈനിക അട്ടിമറി ശ്രമത്തിന് പിന്നാലെ പുറത്താക്കിയത്.
2002 ലാണ് തുര്‍ക്കിയില്‍ അവസാനമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കുര്‍ദ്ദിഷ് പോരാളികളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.