ദേശീയപാത 66 ന്റെ അഭിവൃദ്ധിപ്പെടുത്തല്‍ കേരളത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഏഴ് ദേശീയപാതാ പദ്ധതികളുടെ ശിലാസ്ഥസ്ഥാപനം നടത്തിയും കഴക്കൂട്ടം-മുക്കോല ദേശീയപാത രാജ്യത്തിന് സമര്‍പ്പിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം
ഭാരത്മാത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ദേശീയപാതവികസനവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ കേരള സര്‍ക്കാര്‍ ത്വരിതപ്പെടുത്തണം .സ്ഥലംഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക്, പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും.കേരളത്തിനോട് കേന്ദ്രസര്‍ക്കാറിന് ഒരുതരത്തിലുള്ള വിവേചനവും ഇല്ല.
ശിലാസ്ഥാപനം നടത്തിയ ദേശീയപാത റീച്ചുകളുടെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും.ഇന്ത്യയിലെ മറ്റിടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് വളരെ കൂടുതലാണ്. എങ്കിലും കേരളത്തിലെ അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
പൊതു-സ്വകാര്യ പങ്കാളിത്തതോടെയുള്ള പദ്ധതികള്‍ കേരളത്തില്‍ കൊണ്ടുവരുന്നതിന് കേരള സര്‍ക്കാര്‍ പിന്തുണ നല്‍കണം.പെട്രോള്‍,ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായുള്ള സിഎന്‍ജി ബസുകളെയും കേരളത്തില്‍ പ്രോത്സാഹി പ്പിക്കണം.ഇത് മികച്ച രീതിയില്‍ നടപ്പിലാക്കിയ നാഗ്പ്പൂരാണ്.ഈ മാതൃക കേരളത്തിനും പിന്തുടാരാവുന്നതാണ്. കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെയും പരിഗണിക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു.കേന്ദ്ര റോഡ്-ഗതാഗത സഹമന്ത്രി ജനറല്‍ ഡോ വി കെ സിങ്,കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍,സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ എന്നിവര്‍ മുഖ്യാതിഥികളായി.ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍,റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍,എം പി മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.