മൈദുഗുരി • ബൊക്കൊ ഹറാം തീവ്രവാദികള്‍ക്കെതിരെ പോരാടുന്ന നൈജീരിയന്‍ സര്‍ക്കാരിന്റെ വ്യോമസേനാ വിമാനം അവരുടെതന്നെ അഭയാര്‍ഥി ക്യാംപിനുനേരെ അബദ്ധത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. റെഡ് ക്രോസിന്റെ സന്നദ്ധ പ്രവര്‍ത്തകരും ഡോക്ടര്‍മാരുമടക്കം ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ക്രൂരപീഡനത്തിന് ഇരയാക്കുകയും ചെയ്യുന്ന ബൊക്കോ ഹറാം തീവ്രവാദികള്‍ക്കുനേരെ നൈജീരിയന്‍ സര്‍ക്കാര്‍ നിരന്തര പോരാട്ടത്തിലാണ്. എന്നാല്‍, അബദ്ധത്തില്‍ സ്വന്തം പക്ഷത്തുള്ളവരെ കൊലപ്പെടുത്തിയെന്ന് അവര്‍ സമ്മതിക്കുന്നത് ഇതാദ്യമായാണ്.