നിലമ്പൂര്‍ ഏറ്റുമുട്ടല്‍ : മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

231

കൊച്ചി: നിലമ്പൂരില്‍ പോലീസിന്‍റെ വെടിയേറ്റ് മരിച്ച മാവോവാദി നേതാവ് കുപ്പു ദേവരാജിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മൃതദേഹത്തിന്‍റെ പരിശോധന രണ്ട് തവണ നടത്തിയതാണെന്നും അവയിലെ കണ്ടെത്തലുകള്‍ സമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. പോസ്റ്റുമോര്‍ട്ടം നടപടികളുടെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വെടിയേറ്റ് മരിച്ച കുപ്പു ദേവരാജിന്‍റെ സഹോദരനാണ് ഹര്‍ജി സമര്‍പ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ് മോര്‍ട്ടം നടപടികളില്‍ വീഴ്ചയുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ആവശ്യം നേരത്തെ മഞ്ചേരി കോടതിയും തള്ളിയതാണ്. ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ മൃതദേഹം വിട്ടുനല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ച സാഹചര്യത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ അധികൃതരെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

NO COMMENTS

LEAVE A REPLY