കാസറഗോഡ് : ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെ ‘ലൈഫ്’ പദ്ധതിയോട് ചേര്‍ന്ന് നീലേശ്വരം നഗരസഭയുടെ പി എം എ വൈ നഗരം ഭവന നിര്‍മ്മാണ പദ്ധതിയില്‍ പൂര്‍ത്തി യാകുന്നത് 650 വീടുകള്‍.
നീലേശ്വരം നഗരസഭയില്‍ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ മുന്‍വര്‍ഷങ്ങളില്‍ ഭവന നിര്‍മ്മാണത്തിന് ധന സഹായങ്ങള്‍ ലഭ്യമായിട്ടും പല കാരണങ്ങളാല്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന ഗുണഭോക്താക്കളെ കണ്ടെത്തുകയും അത്തരത്തിലുള്ള 40 പേര്‍ക്ക് ധനസഹായം നല്‍കി സമയ ബന്ധിതമായി വീട് പൂര്‍ത്തീകരിച്ച് നല്‍കി. ഈ നേട്ടം സംസ്ഥാന തലത്തില്‍ ആദ്യം കൈവരിച്ച നഗരസഭയാണ് നീലേശ്വരം.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഭവന രഹിതരായ ഗുണഭോക്താക്കളെ കണ്ടെത്തി അവര്‍ക്ക് ധനസഹായം നല്‍കി വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. നഗരസഭയില്‍ കുടുംബശ്രീ മുഖേന സര്‍വ്വേ നടത്തിയാണ് 610 അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അഞ്ച് ഡി പി ആര്‍ ഉം തയ്യാറാക്കുകയും അതില്‍ നിന്നും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയും ചെയ്ത കേരളത്തിലെ ചുരുക്കം ചില നഗരസഭകളില്‍ ഒന്നാണ് നീലേശ്വരം.
വീട് നിര്‍മ്മാണത്തിനുള്ള പദ്ധതി തയ്യാറാക്കുകയും അതിന് വേണ്ടി 24.40 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഇതില്‍ 17.20 കോടി രൂപ ഇതിനകം ഗുണഭേക്താക്കള്‍ക്ക് നല്‍കി കഴിഞ്ഞു. ഇപ്പോള്‍ 320 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ബാക്കിയുള്ളവ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലുമാണ്.
നീലേശ്വരം നഗരസഭയുടെ ചരിത്രത്തില്‍ ഇത്രയും ബൃഹത്തായ ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് ആദ്യമായിട്ടാണ്. നഗരസഭയില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് സ്വന്തമായി വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യവല്‍ക്കരിച്ച് നല്‍കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ഭരണസമിതി.