പത്തൊൻമ്പത്കാരന്റെ കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പക

33

കോട്ടയം: പത്തൊൻമ്പത്കാരൻ ഷാൻ ബാബു ജോസഫിന്റെ കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയെന്ന് സൂചന. എതിർ ഗുണ്ടാസംഘത്തിൽപ്പെട്ട സൂര്യൻ എന്നു വിളിക്കുന്ന ശരത് രാജ് മറ്റൊരു കൊലപാതക കേസിൽ പോലീസിന് തന്നെ ഒറ്റിക്കൊടുത്തതെന്ന സംശയം ജോമോനുണ്ടായിരുന്നു.

ഷാൻ ബാബു സൂര്യനൊപ്പം ഉല്ലാസയാത്രപോയതറിഞ്ഞ പ്രതി ഷാനിലൂടെ സൂര്യനെ കണ്ടെത്താമെന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയതും അതിക്രൂരമായി മർദ്ദിച്ചതും.കൊല്ലപ്പെട്ട ഷാൻ ബാബുവും സൂര്യനും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. സൂര്യനോട് വൈരാഗ്യം തീർക്കുകയിരുന്നു പ്രതിയായ ജോമോന്റെ ലക്ഷ്യം. എന്നാൽ സൂര്യൻ എവിടെയുണ്ടെന്ന് കൃത്യമായ വിവരം ജോമോന് ലഭിച്ചിരുന്നില്ല. ഇതിനിടെയിലാണ് കൊടൈക്കനാലിൽ പോയ വിനോദയാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ സൂര്യൻ ഇടുന്നത്. ചിത്രത്തിൽ ഷാനും ഉണ്ടായിരുന്നു. ഇതോടെ സൂര്യൻ എവിടെയുണ്ടെന്ന് ഷാന് അറിയാം എന്ന വിലയിരുത്തതിലായിരുന്നു ജോമോൻ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാനെ തട്ടിക്കൊണ്ടുപോകുന്നത്.

ക്രൂരമായ മർദ്ദനമാണ് ഷാൻ ബാബുവിന് നേരിടേണ്ടിവന്നത്. ജോമോനും സംഘവും ഷാൻ ബാബുവിനെ വിവസ്ത്രനാക്കി മർദ്ദിച്ചു. കണ്ണിൽ വിരൽകൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ശരീരത്തിൽ ഇരുമ്പ് വടികൊണ്ടും കാപ്പി വടികൊണ്ടും പലതവണ മർദ്ദിച്ചു. ഇതിന്റെ എല്ലാം ക്ഷതങ്ങൾ മൃതദേഹത്തിലുണ്ട്. ഷാനിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതവും അതോടനുബന്ധിച്ചുണ്ടായ രക്തസ്രാവവുമെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ സൂചന. തലയോട്ടിക്ക് പൊട്ടലില്ല. എന്നാൽ, അമിതമായി രക്തം നഷ്ടപ്പെട്ടിട്ടുണ്ട്.

ഞായറാഴ്ച രാത്രി 9.30-ന് വീടിനു സമീപത്തുനിന്ന് കുട്ടിക്കൊണ്ടുപോയ മകനെ കാണാനില്ലെന്ന പരാതിയുമായി അമ്മയും ബന്ധുക്കളും രാത്രി ഒന്നരയ്ക്ക് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. തിരച്ചിൽ നടത്തുന്നെന്ന് പോലീസ് പറഞ്ഞ സമയത്ത് ഇന്നലെ രാവിലെ കോട്ടയം ഈസ്റ്റ് സ്റ്റേഷനിനിൽ ജോമോൻ ഷാൻ ബാബു ജോസഫിന്റെ മൃതദേഹവും ചുമന്ന് പോലീസ് സ്റ്റേഷന് മുന്നിൽ തന്നെ എത്തുകയായിരുന്നു.

കളക്ടറേറ്റിൽനിന്ന് നാലുകിലോമീറ്റർ അകലെ ആനത്താനത്തെ മൈതാനത്തുവെച്ചായിരുന്നു ഷാനിനെ മർദ്ദിച്ചത്. പിന്നീട് ഓട്ടോയിൽ നഗരത്തിലേക്കുവന്നു. തോളിൽ ചുമന്ന് മൃതദേഹം പ്രതി സ്റ്റേഷന്റെ മുറ്റത്തിട്ടു. ശബ്ദംകേട്ട് പോലീസുകാരൻ ഇറങ്ങിവന്നപ്പോൾ താൻ കൊലപ്പെടുത്തി യതാണെന്ന് സമ്മതിക്കുകയും ചെയ്തു .

ദേഹമാസകലം ഇടിച്ചതിന്റെയും വടി കൊണ്ട് അടിച്ചതിന്റെയും 38 പാടുകളുണ്ട്. രണ്ടു കണ്ണുകളിലും കുത്തേറ്റിട്ടുണ്ട്. ഇടത്തേ കണ്ണ് പൊട്ടിയിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളും ചതവുകളുമുണ്ട്. പിൻഭാഗത്ത് അടിച്ചതിന്റെ പാടുണ്ട്.

അഞ്ച് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് പോലീസ് പറയുന്നത്. ജോമോന്റെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓട്ടോഡ്രൈവറും കസ്റ്റഡിയിലുണ്ട്. മറ്റ് മൂന്ന് പേർ പോലീസ് നിരീക്ഷണത്തിലാണ്. ഇവരെ സഹായിച്ച 13 പേരെ സംബന്ധിച്ചും പോലിസ് അന്വേഷിക്കുകയാണ്.

NO COMMENTS