ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാതട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദി അറസ്റ്റില്‍. ലണ്ടനിലാണ് മോദി അറസ്റ്റിലായത്. ഇന്ന് തന്നെ മോദിയെ കോടതിയില്‍ ഹാജരാക്കും. നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനിന്നിരുന്നു. വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ഈ മാസം 25നു മോദിയെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. നീരവ് മോദിയെ കൈമാറണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി. നീരവ് മോദിയെ വിട്ടുകിട്ടുന്നതിന് 2018 ഓഗസ്റ്റിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയത്.2018ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണു നീരവ് മോദിയും കുടുംബാംഗങ്ങളും രാജ്യം വിട്ടത്. ലണ്ടനിലെ തെരുവിലൂടെ നീരവ് മോദി സ്വതന്ത്രനായി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ ഏതാനും ദിവസം മുന്‍പ് പുറത്തുവന്നിരുന്നു.