ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ മരണവാറന്റ് റദ്ദാക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി നിരസിച്ചു. വാറന്റ് പുറപ്പെടുവിച്ച വിചാരണ കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു. വിചാരണ കോടതിയുടെ ഉത്തരവിൽ പിഴവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ ഹർജി തള്ളിയത്. ദയാഹർജി സംബന്ധിച്ച് കോടതിയെ അറിയിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിലെ പ്രതികളായ വിനയ് ശർമ, മുകേഷ് കുമാർ, അക്ഷയ് കുമാർ സിംഗ്, പവൻ ഗുപ്ത എന്നിവരെ അടുത്ത ബുധനാഴ്ച രാവിലെ ഏഴിന് തിഹാർ ജയിലിൽ തൂക്കിലേറ്റാൻ ഡൽഹി പാട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. മരണവാറന്റിനെതിരെ പ്രതി മുകേഷ് സിംഗാണ് ഹര്‍ജി നല്‍കിയത്. മരണവാറന്റ് നിലനിൽക്കുമെങ്കിലും ഈ മാസം 22 ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ കഴിയില്ലെന്നാണ് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളിയുടെ ശിക്ഷ അന്തിമമായി നടപ്പാക്കാനാകുന്നത് അദ്ദേഹത്തിന്റെ ദയാഹർജി രാഷ്ട്രപതി നിരസിച്ചതിനു ശേഷമാണെന്ന് ഡൽഹി സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ രാഹുൽ മെഹ്ര കോടതിയെ അറിയിച്ചു. ദയാഹർജികൾ വെവ്വേറെ നൽകുന്ന പ്രതികളുടെ രീതി നിയമപ്രക്രിയയെ തടസപ്പെടുത്താനുള്ള തന്ത്രമാണെന്നും രാഹുൽ മെഹ്ര കോടതിയിൽ പറഞ്ഞു.