കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നിഷാം ജയിലില്‍ നിന്ന് ഫോണ്‍വിളിച്ചുവെന്ന ആരോപണം തള്ളി ജയില്‍ അധികൃതര്‍. നിഷാമിന് ജയിലില്‍ അനധികൃത സൗകര്യങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ വിളി സംബന്ധിച്ച പരാതി ഉയര്‍ന്ന ശേഷം നിഷാം തടവില്‍ കിടക്കുന്ന ബ്ലോക്കിലും സെല്ലിലും വിശദമായ പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. മറ്റ് തടവുകാര്‍ ഉപയോഗിക്കുന്നത് പോലെ കോയിന്‍ ഫോണാണ് നിഷാമും ഉപയോഗിക്കുന്നത്. ഈ ഫോണില്‍ സംസാരിക്കുമ്ബോള്‍ ജയില്‍ ഉദ്യോഗസ്ഥന്റെ സാനിധ്യവുമുണ്ടാകും. ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി. ബെംഗളൂരിവിലേക്ക് പോയപ്പോള്‍ നിഷാം ഫോണില്‍ സംസാരിച്ചുവെന്ന കാര്യത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലന്നും അത് ജയിലിനുള്ളില്‍ നടന്ന സംഭവമല്ലെന്നും അദ്ദേഹം അറിയിച്ചു. നിഷാം ജയില്‍നിന്ന് ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് സഹോദരങ്ങള്‍ പരാതി നല്‍കിയിരുന്നു. നിഷാം വിളിക്കാന്‍ ഉപയോഗിച്ച ഫോണിന്റെ നമ്ബറും ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും ഉള്‍പ്പെടുത്തിയാണ് നിഷാമിന്റെ സഹോദരങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.