ജെഡിയു ദേശീയ അധ്യക്ഷനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു

176

പട്ന • ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) ദേശീയ അധ്യക്ഷനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. രാജ്ഗിറില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. മുതിര്‍ന്ന നേതാവ് ശരദ് യാദവ് കഴിഞ്ഞ ഏപ്രിലില്‍ രാജിവച്ചതിനെ തുടര്‍ന്നാണ് നിതീഷ് ആദ്യമായി അധ്യക്ഷസ്ഥാനത്തെത്തിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്യാനുള്ള നിതീഷിന്റെ നീക്കങ്ങള്‍ക്കു ദേശീയ അധ്യക്ഷ സ്ഥാനം തുണയാവുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.നളന്ദ ജില്ലയിലെ രാജ്ഗിറില്‍ നടക്കുന്ന സമ്മേളനത്തിനു തുടക്കം കുറിച്ച്‌ നിതീഷ് കുമാറും ശരദ് യാദവും ചേര്‍ന്നു പതാക ഉയര്‍ത്തി.2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ബദലായി മറ്റു കക്ഷികളെ യോജിപ്പിക്കാനുള്ള തന്ത്രങ്ങളും ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും സമ്മേളനം ചര്‍ച്ച ചെയ്യും. കേരളത്തില്‍നിന്ന് സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഇന്നു സമാപിക്കും.

NO COMMENTS

LEAVE A REPLY