നിതീഷ്‌കുമാര്‍ ഇന്ന് വിശ്വാസവോട്ട് തേടും

193

പാറ്റ്‌ന: ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 ന് വിശ്വാസ വോട്ടിനായി നിയമസഭ ചേരും. 243 അംഗ നിയമസഭയില്‍, ബിജെപിയുടെ പിന്തുണയടക്കം നിതീഷിനൊപ്പം 124 അംഗങ്ങളുണ്ട്. 122 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. എല്‍ജെപി ഉള്‍പ്പെടെയുള്ള ചെറുപാര്‍ടികളുടെ പിന്തുണയും നിതീഷിന് കിട്ടും. അതേസമയം ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ലാലുപ്രസാദ് യാദവ് വ്യക്തമാക്കി. ജെഡിയുവിനൊപ്പം നില്‍ക്കുന്ന നിരവധി അംഗങ്ങള്‍ മഹാസഖ്യത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും കോണ്‍ഗ്രസും ആര്‍ജെഡിയും അവകാശപ്പെട്ടു. നിതീഷിന്റെ നീക്കത്തോട് യോജിക്കാനാകില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജെഡിയു അധ്യക്ഷന്‍ ശരത് യാദവ്. മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാറും പങ്കെടുത്ത ഹ്രസ്വമായ കാബിനറ്റ് യോഗത്തിലാണ് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. മുന്‍ മന്ത്രിസഭ ഈമാസം 28 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന വര്‍ഷകാല സമ്മേളനം റദ്ദാക്കാനും തീരുമാനിച്ചു. ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്നു രണ്ടുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

NO COMMENTS