ന്യൂഡല്‍ഹി:സുരക്ഷാ കാരണങ്ങളാലാണ് ജമ്മുകാഷ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭയ്ക്കൊപ്പം നടത്താന്‍ സാധിക്കാത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീക്ഷന്‍ അറിയിച്ചു. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡീഷ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്ന ജമ്മുകാഷ്മീരില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല.
കാഷ്മീരിലെ അനന്ത്നാഗ് മണ്ഡലത്തില്‍ മാത്രം മൂന്നു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതില്‍നിന്നും കാഷ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സുരക്ഷാ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ സാധിക്കില്ലെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പ്രതികരിച്ചു. ജമ്മുകാഷ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍വന്നിട്ട് മെയ് മാസം ആറു മാസം തികയും. നിയമസഭ പിരിച്ചുവിട്ടാല്‍ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍ കാഷ്മീരില്‍ ഇതു പാലിക്കപ്പെടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തോടെ മനസിലാവുന്നത്.