പതിനാലാം കേരള നിയമസഭയുടെ പത്തൊൻപതാം സമ്മേളനം മാർച്ച് രണ്ടിന് ആരംഭിക്കും. സമ്മേളനം ആകെ 27 ദിവസം ചേരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യ ദിവസം 2019-20 ബഡ്ജറ്റിലെ ഉപധനാഭ്യർതഥകളുടെ ചർച്ചയും വോട്ടെടുപ്പു നടക്കും. മൂന്ന് മുതൽ 2020-21 ലെ ബഡ്ജറ്റിലെ ധനാഭ്യർത്ഥകളെ സംബന്ധിക്കുന്ന വിശദമായ ചർച്ചയും വോട്ടെടുപ്പും നടക്കും. ഇതിനായി 13 ദിവസങ്ങളും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായി അഞ്ച് ദിവസവും മാറ്റിവച്ചിട്ടുണ്ട്.
ഗവൺമെന്റ് കാര്യങ്ങൾക്കായി നീക്കിവച്ചിട്ടുളള ഏഴ് ദിവസങ്ങളിൽ കാര്യോപദേശക സമിതി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലുളള ബില്ലുകൾ സഭ പരിഗണിക്കും. 2020 ലെ കേരള ധനകാര്യ ബില്ലും ഈ സമ്മേളനത്തിൽ പരിഗണിക്കും. 2020-21 വർഷത്തെ ബഡ്ജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബിൽ മാർച്ച് 30ന് സഭ പരിഗണിക്കും. സമ്മേളനം ഏപ്രിൽ എട്ടിന് സമാപിക്കും.
കടലാസ് രഹിത നിയമസഭ എന്ന ആശയം പ്രാവർത്തികമാക്കുന്നതിനായി കഴിഞ്ഞ സമ്മേളനത്തിൽ തുടക്കമിട്ട ഇ-നിയസഭ പദ്ധതി ഇത്തവണ വിപുലീകരിക്കും. നിയമസഭ ടി.വിയുടെ പ്രവർത്തനം ഈ സമ്മേളന കാലയളവിൽ ആരംഭിക്കും. നിയമസഭ നടപടികൾ സംബന്ധിച്ച് പൊതുജനങ്ങളിലും വിദ്യാർഥികളിലും അവബോധം സൃഷ്ടിക്കുന്ന പരിപാടികൾ ടെലിവിഷൻ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്നതിനും ഓൺലൈൻ സ്ട്രീമിംഗ് നടത്തുന്നതിനുമുളള നടപടികൾ നടപ്പാക്കും. എട്ടോളം ചാനലുകളുമായി ഇക്കാര്യത്തിൽ ധാരണയായതായി സ്പീക്കർ അറിയിച്ചു.