തൊഴിലാളികളുടെ സുരക്ഷയും ക്ഷേമാനുകൂല്യങ്ങളും ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് തൊഴിൽ മന്ത്രി

10

പണിയിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷയും അവർക്കുള്ള ക്ഷേമാനുകൂല്യങ്ങളും ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും അതിൽ വിട്ടു വീഴ്ച അനുവദിക്കില്ലെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

ചില വൻകിട കെട്ടിട നിർമ്മാണ സൈറ്റുകളിൽ തൊഴിലാളികളുടെ ജീവന് തന്നെ ഹാനികരമായ തൊഴിൽ സാഹചര്യങ്ങൾ നിലനിൽക്കുന്നതായുള്ള പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നിർമ്മാണ സൈറ്റുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കാര്യം ജില്ലാ ലേബർ ഓഫീസർമാർ കൃത്യമായി ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ സംസ്ഥാനതല ഉദ്യോഗസ്ഥപ്രവൃത്തി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാതെയും നിയമലംഘനങ്ങൾ പരിഹരിക്കാതെയുമുള്ള സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും മറിച്ചുള്ള ചില പ്രവണതകൾ ഉദ്യോഗസ്ഥരിൽ കാണുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണെന്നും അത്തരക്കാർക്കെതിരെ നടപടികളുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരമുള്ള അപേക്ഷകളിൽ ആനുകൂല്യ വിതരണത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തിര നടപടി സ്വീകരിക്കണം. വിവിധ രജിസ്ട്രേഷൻ, റിന്യൂവൽ നടപടികൾ നൂറു ശതമാനം കൈവരിക്കുന്നതിന് കൂടുതൽ ഊർജ്ജിതമായി പ്രവർത്തിക്കേണ്ടതുണ്ട്. അസി. ലേബർ ഓഫീസർ അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിച്ച് ലഹരി വിരുദ്ധ, ശുചിത്വ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നം മന്ത്രി നിർദേശം നൽകി.

ഫയൽ തീർപ്പാക്കൽ, ഇ-ഓഫീസ്‌വൽക്കരണം, പഞ്ചിംഗ് ഏർപ്പെടുത്തൽ, കേസുകളുടെ തീർപ്പാക്കൽ തുടങ്ങി വകുപ്പിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാ ണെന്നും ഓണത്തിന് മുന്നോടിയായി ബോണസ്, അലവൻസ്, മറ്റ് ആനൂകൂല്യങ്ങളുടെ വിതരണം എന്നീ കാര്യങ്ങളിൽ ഊർജ്ജിത നടപടികൾ സ്വീകരിക്കണ മെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ തൊഴിൽ വകുപ്പ് സെക്രട്ടറി അജിത് കുമാർ, ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ, അഡീ ലേബർ കമ്മീഷണർമാരായ രഞ്ജിത് പി മനോഹർ, കെ.എം സുനിൽ, വകുപ്പിലെ അസി. ലേബർ ഓഫീസർമാർ മുതലുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY