കാസറകോട് : ഓരോ തുള്ളിയും അമൂല്യമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കാറഡുക്ക ബ്ലോക്ക് ജല സംരക്ഷണ ത്തിനായി നടത്തുന്നത് വിപുലമായ പരിപാടികള്‍. വരാനിരിക്കുന്ന വേനലിനെ മുന്നില്‍കണ്ട് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പുഴയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തും മഴവെള്ളത്തെ മണ്ണിലിറക്കാന്‍ കയ്യാലകള്‍ തീര്‍ത്തും മഴക്കുഴികളും പള്ളവുംകനാലുകളും നിര്‍മ്മിച്ചും കയര്‍ ഭൂവസ്ത്രം തീര്‍ത്തും ജല സംരക്ഷണത്തിനായ് കൈകോര്‍ക്കുകയാണ് കാറഡുക്ക ബ്ലോക്ക്.
ആദൂര്‍ – ബന്നത്തമ്പാടി തോടിന്റെ ശുചീകരണം ഉത്സവമാക്കി ബ്ലോക്ക്
നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിനായി ഹരിത കേരള മിഷന്‍ നടത്തുന്ന ജനകീയ ക്യാമ്പയിനായ ‘ഇനി ഞാന്‍ ഒഴുകട്ടെ’ നീര്‍ച്ചാല്‍ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കാറഡുക്ക ഗ്രാമപഞ്ചായത്തിലെ ആദൂര്‍ – ബന്നത്തമ്പാടി തോടിന്റെ ശുചീകരണം ബ്ലോക്ക് ഉത്സവമാക്കി തീര്‍ത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാനക്കോട് മുതല്‍ മല്ലാവാര വഴി ചന്ദ്രഗിരിപ്പുഴയിലേക്ക് ഒഴുകുന്ന ഈ നീര്‍ച്ചാലിന്റ 1.5 കിലോമീറ്റര്‍ ദൂരം വരെ മണ്ണും ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ നിലയിലായിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരും നാട്ടുകാരും ഒത്തു ചേര്‍ന്ന് തോട് ശുചീകരിച്ചു.
കയ്യാലകളും കോണ്ടൂര്‍ ബണ്ടും കിണര്‍ റീച്ചാര്‍ജ്ജിങും മഴക്കുഴിയും…
ഏഴ് പഞ്ചായത്തുകളിലായി കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകര്‍ക്കും ആശ്വസമാവുകയാണ് ബ്ലോക്കിന്റെ ജലസംരക്ഷണ പദ്ധതികള്‍. നല്ലൊരു ശതമാനവും കൃഷി ഉപജീവനമാക്കിയ കര്‍ഷക കുടുംബങ്ങളാണ് ബ്ലോക്ക് പരിധിയിലുള്ളത്. കൃഷിയിടങ്ങളില്‍ മാത്രം 166 കുളങ്ങളുടെ പ്രവൃത്തിയാണ് നടന്നുവരുന്നത്. അതില്‍ 139 എണ്ണം പൂര്‍ത്തിയായി.
25 എണ്ണത്തിന്റെ പ്രവൃത്തികള്‍ സജീവമായി നടക്കുകയാണ്.ചെരിവുള്ള പ്രദേശങ്ങളില്‍ മഴ വെള്ളത്തിന്റെ ഒഴുക്കിന് വേഗത കുറക്കാനായി മണ്‍ കയ്യാലകളും കല്ല് കൊണ്ടുള്ള കയ്യാലകളുമായി 121 പ്രവൃത്തികളാണ് ബ്ലോക്കില്‍ ഇതുവരെ നടത്തിയത്. മലയോര മേഖലകളില്‍ മണ്ണിനെ തട്ട് തട്ടാക്കിമാറ്റുന്ന കോണ്ടൂര്‍ ബണ്ട് നിര്‍മ്മാണത്തിനും ബ്ലോക്ക് നേതൃത്വം നല്‍കി. കോണ്ടൂര്‍ ബണ്ടില്‍ പത്ത് പ്രവൃത്തികള്‍ പൂര്‍ത്തിയായി. ഏഴെണ്ണം പുരോഗമിക്കുകയാണ്. 150 മീറ്റര്‍ നീളത്തില്‍ രണ്ട് കനാലുകളാണ് പൂര്‍ത്തിയായത്. മേല്‍ക്കൂരയില്‍ നിന്ന് വെള്ളം കിണറിലേക്ക് ഒഴുക്കി കിണര്‍ റീച്ചാര്‍ജ്ജ് നല്‍കുന്ന 109 പദ്ധതികള്‍ പൂര്‍ത്തിയായി.
ആറെണ്ണം പ്രവൃത്തി പുരോഗമിക്കുകയാണ്. 41 കിണറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്‍പതെണ്ണത്തിന്റെ പണി പുരോഗമിക്കുകയാണ്. ബ്ലോക്കില്‍ ആകെ 53 മഴക്കുഴികളാണ് പൂര്‍ത്തിയാകുന്നത്. മൂന്ന് കുളങ്ങള്‍ നവീകരിച്ചു. ബേഡഡുക്കയിലെ കോട്ടബയല്‍ തോട്ടിലും കയര്‍ ഭൂവസ്ത്രം തീര്‍ത്തു. തൊഴിലുറപ്പ് പദ്ധതില്‍ ഉള്‍പ്പെടുത്തി നടത്തിയ പദ്ധതികള്‍ കൂടാതെ ഹരിതകേരളം മിഷന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് നേരിട്ട് ഇടപെട്ട് 12 ലക്ഷം രൂപ മുതല്‍ മുടക്കി മൂന്ന് കുളങ്ങള്‍ നവീകരിച്ചു.
18 കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍
ഏഴ് കുടുംബങ്ങള്‍ മുതല്‍ 25 കുടുംബങ്ങള്‍ വരെ താമസിക്കുന്ന പ്രദേശങ്ങളിലും കോളനികളിലും ബോര്‍വെല്‍ നിര്‍മ്മിച്ച്, വെള്ളം സംഭരിക്കാന്‍ ടാങ്ക് സ്ഥാപിച്ച് ഗുണഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ട് വെള്ളം എത്തിക്കാ നുള്ള പൈപ്പ് ലൈന്‍ നല്‍കി കുടിവെള്ളം ഉറപ്പാക്കുന്ന പദ്ധതി 2018-19 വര്‍ഷത്തില്‍ നടപ്പാക്കി.
ഓരോ പ്രദേശത്തും കോളനികളിലും ബോര്‍വെല്ലില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാനും സപ്ലൈ ചെയ്യാനും കമ്മറ്റി കളുണ്ട്. 36 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കിയ പദ്ധതിയില്‍ ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തു കളിലുമായി 18 കുടിവെള്ള വിതരണ കേന്ദ്രങ്ങളാണ് നിലവിലുള്ളത്.