നോ ഇന്ത്യ പ്രോഗ്രാം: കേരളത്തിൽ ഒക്ടോബർ 15 വരെ

90

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ നേത്യത്വത്തിൽ നടത്തിവരുന്ന ഇന്ത്യയെ അറിയുക (നോ ഇന്ത്യ പ്രോഗ്രാം) പരിപാടിയുടെ 56 ാം പതിപ്പ് പങ്കാളിത്ത സംസ്ഥാനമായ കേരളത്തിൽ ഒക്ടോബർ 15 വരെ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസജീവിതം നയിച്ച് വരുന്ന ഇന്ത്യക്കാരുടെ മൂന്നാം തലമുറയ്ക്ക് മാതൃരാജ്യവുമായുള്ള ബന്ധം നിലനിർത്തുന്നതിനും കല, പൈതൃകം, സംസ്‌ക്കാരം എന്നിവ അടുത്തറിയുന്നതിനും വ്യവസായം, വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ പുരോഗതി അറിയുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ 18 നും 30 നും മദ്ധ്യേ പ്രായമുള്ള വിദ്യാർത്ഥികളും യുവ പ്രൊഫഷണലുകളുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

പരിപാടിയുടെ ഭാഗമായി വിദേശ സന്ദർശകർ കേരള ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പ്ലാനിംഗ് ബോർഡ് അംഗങ്ങൾ, മറ്റ് വിശിഷ്ട വൃക്തികൾ തുടങ്ങിയവരെ സന്ദർശിക്കും. മുസിരീസ് കോട്ട, കേരള കലാമണ്ഡലം, കോയിക്കൽ കൊട്ടാരം, കയർ വില്ലേജ്, ബാലരാമപുരം കൈത്തറി നെയ്ത്ത് വില്ലേജ്, വിതുര ജഴ്സി ഫാം, വി. എസ്സ്. എസ്സ്. സി തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിച്ചതിന് ശേഷം 15 ന് തിരികെ ഡൽഹിക്ക് പോകും.
ഇന്ത്യയെ അറിയുക എന്ന പരിപാടിയിൽ ഒൻപത് രാജ്യങ്ങളിലായി 40 പേർ പങ്കെടുക്കുന്നുണ്ട്. ഫിജി(7), ഗയാന(6), ഇസ്രായേൽ(2), മ്യാൻമാർ(4), സൗത്ത് ആഫ്രിക്ക(1), സൂരീനാം(7), ട്രിനിടാഡ് & ടൊബാഗോ(5), മൗറീഷ്യസ്(6), മലേഷ്യ(2) എന്നിവയാണ് രാജ്യങ്ങൾ. വിദേശ സന്ദർശകർ 22 പേർ വനിതകളും 18 പേർ പുരുഷൻമാരുമാണ്.

നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജർ അജിത്ത് കോളശ്ശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഘാംഗങ്ങളെ സ്വീകരിച്ചു. അസിസ്റ്റന്റ് മാനേജർമാരായ വി. മോഹനൻ നായർ, ടി. സി ശ്രീലത എന്നിവർ സന്ദർശകരെ അനുഗമിക്കുന്നുണ്ട്.

NO COMMENTS