തിരുവനന്തപുരം : ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാമഗ്രികള്‍ തല്‍ക്കാലം ശേഖരിക്കേണ്ടതില്ലെന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറയുന്നത്. സഹായം വേണമെങ്കില്‍ രണ്ട് ദിവസത്തിന് ശേഷം ശേഖരിക്കാമെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ കളക്ടര്‍ പറയുന്നു. മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ ഇതുവരെ സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും ആവശ്യം ഉണ്ടെന്ന് അറിയിച്ചതിന് ശേഷം മാത്രം കളക്ഷന്‍ സെന്റര്‍ ആരംഭിക്കാമെന്നുമാണ് കളക്ടര്‍ പറയുന്നത്.
വീഡിയോ സന്ദേശം പോസ്റ്റ് ചെയ്ത ശേഷം കളക്ടര്‍ അവധിയില്‍ പ്രവേശിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവധിയൊഴിവാക്കി ജോലിയില്‍ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് ഇത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളുടെയും ദൗര്‍ലഭ്യം അനുഭവിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കളക്ടറുടെ നിരുത്തരവാദപരമായ നടപടി. സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലും കളക്ടര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഫേസ്ബുക്കിലെ വീഡിയോ സന്ദേശത്തിന് താഴെ താങ്കള്‍ ഈ പദവിയില്‍ ഇരിക്കാന്‍ അര്‍ഹനല്ല, എങ്ങനെയാണ് ഇത്ര നിരുത്തരവാദി ത്തപരമായി പെരുമാറാന്‍ കഴിയുന്നത് എന്ന് തുടങ്ങിയ വിമര്‍ശനങ്ങള്‍ നിറയുകയാണ്. തിരുവനന്തപുരം മുന്‍ കളക്ടറായിരുന്നു കെ വാസുകിയുടെ വില ഇപ്പോഴാണ് മനസിലാകുന്നതെന്നാണ് ചില കമൻറുകൾ.
കഴിഞ്ഞ തവണ സംസ്ഥാനം പ്രളയക്കെടുതികള്‍ നേരിട്ടപ്പോള്‍ തിരുവനന്തപുരം കളക്ടറായിരുന്ന കെ വാസുകി ഐ എ എസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മികച്ച സംഘാടന മികവോടെ ദുരന്തമുഖത്ത് നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കെ വാസുകിക്ക് സാധിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ടണ്‍ കണക്കിന് ദുരിതാശ്വാസ സാമഗ്രികള്‍ തലസ്ഥാനത്ത് സജ്ജീകരിച്ചിരുന്ന കളക്ഷന്‍ സെന്ററില്‍ നിന്നും എത്തിച്ചിരുന്നു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വിതച്ച കെടുതികളില്‍ നിന്നും കരകയറുന്നതിനിടെയാണ് വീണ്ടും മഴക്കെടുതിയില്‍ കേരളം വലയുന്നത്. രണ്ടാം പ്രളയത്തെയും ഒറ്റക്കെട്ടായി നേരിടുകയാണ് സംസ്ഥാനം. ഇതിനിടെ ഗുരുതരമായ വീഴ്ചയാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സംസ്ഥാനം നേരിടുന്ന സാഹചര്യത്തിന്റെ യഥാര്‍ത്ഥ ചിത്രം മനസിലാക്കാന്‍ ശ്രമിക്കാതെ തിരുവനന്തപുരം കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.