കാസർഗോഡ്: കലാമേളയ്ക്ക് ചിലമ്പൊലി കേട്ടു തുടങ്ങി. സംഘാടനത്തിന്റെ ഓരോ മേഖലയിലും വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 28 വര്‍ഷക്കാലത്തിന് ശേഷം ജില്ലയിലെത്തുന്ന മാമാങ്കത്തിനായി കാഞ്ഞങ്ങാട് വണ്ടി ഇറങ്ങുന്ന ആര്‍ക്കും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ വരാതിരിക്കാന്‍ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. വേദികള്‍ തമ്മിലുളള അകലം മത്സരത്തെ ബാധിക്കാതിരിക്കാന്‍ മുന്നൂറോളം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി.
ബെസ്റ്റ് ഓട്ടോ ഫെസ്റ്റ് ഓട്ടോ
വേദികള്‍ തമ്മിലുള്ള അകലം (മാപ്പ് സഹിതം), നടക്കുന്ന മത്സര ഇനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നല്‍കും. ഓട്ടോ ഡ്രൈവര്‍മാര്‍ സ്വയം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പോലെ പ്രവര്‍ത്തിക്കും. ഓട്ടോയില്‍ കയറുന്ന മത്സരാര്‍ത്ഥിയോ, ആസ്വാദകനോ പറയുന്ന ഇനം മാത്രം കേട്ട് കൃത്യ സമയത്ത് കൃത്യ വേദിയില്‍ മിതമായ നിരക്കില്‍ എത്തിക്കുന്ന രീതിയിലായിരിക്കും ഓട്ടോ സര്‍വ്വീസ്.
സമ്മാനപ്പാച്ചിലുമായി സ്‌കൂള്‍ ബസുകളും
റെയില്‍വേസ്റ്റേഷനുകളിലും ബസ്റ്റാന്റുകളിലും എത്തുന്ന മത്സരാര്‍ത്ഥികളെ സൗജന്യമായി വേദികളിലും, വിശ്രമ മുറികളിലും,പാചകപ്പുരയിലും എത്തിക്കാന്‍ സജ്ജമാക്കിയിരിക്കുന്നത് 30 സ്‌കൂള്‍ ബസുകള്‍. പെര്‍മിറ്റ്, ഇന്‍ഷൂറന്‍സ്, ഡ്രൈവറുടെ ലൈസന്‍സ് തുടങ്ങിയ രേഖകളെല്ലാം കൃത്യമായി പരിശോധിച്ച ശേഷം തിരഞ്ഞെടുത്ത 30 ബസുകളായിരിക്കും ഇത്തരത്തില്‍ സര്‍വ്വീസ് നടത്തുക. വേദികളില്‍ നിന്ന് വേദികളിലേക്കുള്ള അകലം യാത്രയില്‍ കുട്ടികളെ തളര്‍ത്താതിരിക്കാന്‍ ചില പരിപാടികളും യാത്രയോടൊപ്പം സംഘടിപ്പിക്കും. കാസര്‍കോടിന്റേയും കലോത്സവത്തിന്റേയും ചരിത്രം കോര്‍ത്ത പ്രശ്നോത്തരി നടത്തി അതിന് സമ്മാനം നല്‍കുന്ന രീതിയാണ് അവലംബിക്കുക.
യാത്രയ്ക്ക് വഴികാട്ടാന്‍ വാട്സ് ആപ്പും
കലോത്സവ നഗരിയിലേയ്ക്ക് വണ്ടി കയറുമ്പോള്‍ തന്നെ മത്സരാര്‍ത്ഥികള്‍ക്ക് വാട്സ്ആപ്പ് സന്ദേശം വഴി ബസ് ഡ്രൈവര്‍മാരെ ബന്ധപ്പെടാം. തീവണ്ടി/ബസ് എത്തിച്ചേര്‍ന്ന ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് വേദികളിലേക്കും, വിശ്രമമുറികളിലേക്കും എത്തിച്ചേരാന്‍ ഇതുവഴി സാധിക്കും.
ഓരോ വേദികളിലും 300 മുതല്‍ 500 വാഹനങ്ങള്‍ വരെ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രികാല മലയോര യാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളും നിരത്തില്‍ ഇറങ്ങും. ഇനി കലോത്സവത്തിനായി ജില്ലയിലെത്തുന്നവര്‍ക്ക് സുരക്ഷിതമായിമായി തന്നെ യാത്ര ചെയ്യാം