
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ സൂചനയുമായി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്തിടെ നടന്ന കര്‍ണാടക കാബിനറ്റ് പുനസംഘടനയും രാജസ്ഥാന് കാബിനറ്റ് രൂപീകരണവുമാണ് ഇതു സംബന്ധിച്ചു സൂചന നല്‍കുന്നത്. രാജസ്ഥാന്, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മികച്ച ജയം സ്വന്തമാക്കിയതോടെയാണ് രാഹുല്‍ നിലപാട് കടുപ്പിക്കുന്നത്.
ഇതു സംബന്ധിച്ചു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേതൃത്വം മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. പാര്‍ട്ടിക്ക് നല്കിയ സംഭാവനയാണ് ഓരോ നേതാക്കള്‍ക്കും ലഭിക്കുന്ന സ്ഥാനമാനങ്ങളുടെ അളവുകോല്‍ എന്നാണു രാഹുലിന്റെ നയം. ഇതിന്റെ സൂചനയാണ് കര്‍ണാടക കാബിനറ്റില്‍നിന്ന് കഴിഞ്ഞ ദിവസം രണ്ടു മന്ത്രിമാരെ ഒഴിവാക്കിയത്. ഇതില്‍ ഒരു മന്ത്രിയായ, രമേശ് ജാര്‍ഖിഹോളി ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയതായി കോണ്‍ഗ്രസ് നേതൃത്വത്തിനു വിവരം ലഭിച്ചിരുന്നു.
രമേശ് അടുത്തിടെ പാര്‍ട്ടി യോഗങ്ങളിലും കാബിനറ്റ് മീറ്റിംഗിലും പങ്കെടുത്തിരുന്നില്ല. രാജസ്ഥാന് കാബിനറ്റില്‍ ഉള്‍പ്പെടുത്തേണ്ട എംഎല്‍എമാരുടെ പട്ടികയ്ക്കു ഞായറാഴ്ചയാണു രാഹുല്‍ അംഗീകാരം നല്‍കിയത്. 23 മന്ത്രിമാരില്‍ 17 പേരും പുതുമുഖങ്ങളാകുമെന്നാണു ലഭിക്കുന്ന സൂചന. അഞ്ചു മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിടും. ഇതു സംബന്ധിച്ചു തീരുമാനമെടുക്കുന്നതിനായി ദീര്‍ഘമായ ചര്‍ച്ചകള്‍ തന്നെ വേണ്ടിവന്നു.
പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള കാബിനറ്റാണ് രാഹുലിന്റെ ലക്ഷ്യമെങ്കിലും പാര്‍ട്ടിക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച പഴയ മുഖങ്ങളെ ഒഴിവാക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനില്‍ മുഖ്യമന്ത്രി പദവിക്കായി പാര്‍ട്ടി നേതാക്കള്‍ നടത്തിയ ലോബിയിംഗും നേതൃത്വം അംഗീകരിച്ചിരുന്നില്ല.