കലാപമുണ്ടാക്കാനുള്ള ആര്‍എസ്എസ് നീക്കത്തില്‍ പെട്ടുപോകരുതെന്നും സംയമനം ദൗര്‍ബല്യമായി ആരും കാണരുതെന്നും കോടിയേരി

40

തലശേരി ; കലാപമുണ്ടാക്കാനുള്ള ആര്‍എസ്എസ് നീക്കത്തില്‍ ആരും പെട്ടുപോകരുതെന്നും സംയമനം ദൗര്‍ബല്യമായി ആരും കാണരുതെന്നും ശക്തിയുള്ള പാര്‍ടിക്കേ സംയമനംപാലിക്കാന്‍ സാധിക്കൂവെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ടാണ് ഹരിദാസന്‍ വധത്തിന്റെ വേദനയിലും എല്ലാം സഹിച്ച് സമാധാനം ഉറപ്പുവരുത്താനുള്ള ശ്രമത്തില്‍ പങ്കാളിയാവുന്നതെന്നും കോടിയേരി പറഞ്ഞു.

ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന പുന്നോല്‍ താഴെവയലിലെ കെ ഹരിദാസന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

നാടിനെയാകെ ഞെട്ടിപ്പിച്ച ആസൂത്രിത കൊലപാതകമായിരുന്നു ഹരിദാസന്‍ വധം. നേരത്തെ തന്നെ ഇതിനുള്ള ആസൂത്രണം നടന്നിരുന്നു. പരിശീലനം സിദ്ധിച്ച കൊലപാതക സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. ഒരു കാല്‍ വെട്ടിയെടുക്കുകയും അരക്ക് താഴെ 20 ലേറെ പരിക്കേല്‍പിക്കുകയും ചെയ്തത് ഒരു വിധത്തിലും രക്ഷപ്പെടരുതെന്ന് ഉറപ്പിച്ചാണ്. ഉന്നതതല ആസൂത്രണം കൊലപാതകത്തിന് പിന്നിലുണ്ട്. അതുകൂടി പൊലീസ് അന്വേഷിക്കണം. എല്ലാവരെയും നിയമത്തിന് മുന്നില്‍കൊണ്ടുവന്ന് കര്‍ശനമായ ശിക്ഷ ഉറപ്പുവരുത്തണം.

സമാധാനപരമായി ജനങ്ങള്‍ ജീവിക്കുന്ന പ്രദേശത്താണ് സംഘര്‍ഷമുണ്ടാക്കി പാവപ്പെട്ട മത്സ്യതൊഴി ലാളിയെ വധിച്ചത്. വീട്ടുകാരുടെ മുന്നില്‍ കൊലപാതകം നടത്തുന്നതിനാണ് ഇവിടെ വെച്ച് തന്നെ നടത്തിയത്. ഭാര്യയുടെയും മക്കളുടെ കുടുംബത്തിന്റെയും മുന്നില്‍ കൊലപാതകം നടത്തി വീട്ടുകാ രെയും നാട്ടുകാരെയും ഭയപ്പെടുത്താനാണ് നോക്കിയത്. തലായി വഴി വരുമ്പോള്‍ വേണമെങ്കില്‍ അവിടെ നിന്ന് കൊലപ്പെടുത്താമായിരുന്നു. കൃത്യമായ ഉദ്ദേശ്യത്തോടെയാണ് വീട്ടുകാരുടെ മുന്നില്‍ കൊല നടത്തിയത്.

ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. പാര്‍ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുന്ന സന്ദര്‍ഭത്തിലാണ് ഈ കൊലപാതകം. സിപിഐ എമ്മിലെ അനുഭാവികള്‍ക്ക് പോലും രക്ഷയുണ്ടാവില്ലെന്ന സന്ദേശമാണിതിലൂടെ നല്‍കുന്നത്.

ആരെയും വെട്ടിക്കൊല്ലാനുള്ള ക്രൂരമായ പരിശീലനമാണ് ആര്‍എസ്എസ് നല്‍കുന്നത്. അച്ഛനെയും അമ്മയെയും ആരെയും വെട്ടിക്കൊല്ലാന്‍ പറഞ്ഞാലും അവര്‍ കൊണ്ടിരിക്കും. അതാണ് അവരുടെ രീതി. എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു സംഘമാളുകളെയാണ് അവര്‍ പരിശീലിപ്പിക്കുന്നത്. മത്സ്യതൊഴിലാളി കളായ സിപിഐ എമ്മുകാരെ തെരഞ്ഞുപിടിച്ച് കൊല്ലുകയാണ്. മത്സ്യതൊഴിലാളികളുടെ നേതാവായി രുന്നു തലായിയില്‍ കൊല്ലപ്പെട്ട കെ ലതേഷ്. പാറാലില്‍ ആര്‍എസ്എസ് കൊന്ന ടി വി ദാസന്‍ മത്സ്യ വിതരണ ക്കാരനായിരുന്നു.

നിയമവാഴ്ച തകര്‍ക്കുകയെന്നതാണ് കൊലപാതകങ്ങളിലൂടെ ആര്‍എസ്എസ് ലക്ഷ്യം. സമാധാനം നിലനില്‍കുന്ന സന്ദര്‍ഭത്തില്‍, ആരും പ്രതീക്ഷിക്കാത്ത സമയത്താണ് അവരുടെ ഓരൊ അക്രമവും. ഓരോ കൊലപാതകം നടത്തുമ്പോഴും തങ്ങള്‍ക്ക് ബന്ധമില്ലെന്നും കള്ളക്കേസെന്നുമാണ് ആര്‍എസ്എസ് പറയാറ്. ഗാന്ധിജിയെയും നരേന്ദ്ര ധബോല്‍കറെ കൊന്നപ്പോഴും ഇതുതന്നെ പറഞ്ഞു. വളരെ പ്രയാസകരമായ സ്ഥിതിയില്‍ കഴിയുന്ന ഹരിദാസന്റെ കുടുംബത്തെ പാര്‍ടി സംരക്ഷിക്കും.

പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞാല്‍ അതിനാവശ്യമായ നടപടി പാര്‍ടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. സിപിഐ എം നേതാക്കളായ എ എന്‍ ഷംസീര്‍ എംഎല്‍എ, കാരായിരാജന്‍, എം സി പവിത്രന്‍, സികെ രമേശന്‍, എ ശശി എന്നിവരും കോടിയേരിക്കൊപ്പമുണ്ടായി.

NO COMMENTS