ന്യൂഡല്‍ഹി: ബ്രിട്ടീഷുകാര്‍ ചെയ്തതുപോലെ വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് ബിജെപി സര്‍ക്കാരെന്നും നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും പൗരത്വ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതുകൊണ്ട് നാളെത്തന്നെ നടപ്പാക്കാമെന്ന് ആരും കരുതേണ്ടഎന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കാത്ത ബില്‍ കോടതിയില്‍ പരാജയപ്പെടും. നിയമവിരുദ്ധ ബില്ലാണിത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായി ഒരു സര്‍ക്കാറിനും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഇന്ന് മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നു. നാളെ പ്രദേശത്തിന്റെയോ നിറത്തിന്റെയോ ഭാഷയുടെയോ പേരില്‍ വിവേചനം കൊണ്ടു വന്നേക്കാമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ബില്ലിനെതിരെ സുപ്രീം കോടതിയില്‍ മുസ്ലിം ലീഗ് ഹര്‍ജി നല്കി. രാവിലെ സുപ്രീം കോടതി രജിസ്ട്രി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് എംപിമാര്‍ നേരിട്ടെത്തിയാണ് ഹര്‍ജി നല്‍കിയത്.
കുഞ്ഞാലിക്കുട്ടിക്കു പുറമേ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, പി.കെ നവാസ് കനി എന്നിവരും ഹര്‍ജി നല്‍കാനെത്തി. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് ലീഗിനു വേണ്ടി ഹാജരാവുക.