തിരുവനന്തപുരം : സർക്കാർ എടുക്കുന്ന ഒരു ശരിയായ തീരുമാനവും അനാവശ്യ വിവാദങ്ങളുടെ പേരിൽ പിൻവലിക്കില്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ പ്രോത്സാഹനമാണ് പലപ്പോഴും വിവാദങ്ങൾ ഉയർത്താൻ ഇട നൽകുന്നത്. ഇതിനൊക്കെ വഴങ്ങി സർക്കാർ നിലപാടുകൾ മാറ്റുന്ന പ്രശ്നം ഉദിക്കുന്നില്ല- പ്രതിവാര ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ടിലാണ് വിവാദങ്ങളോടുള്ള സമീപനം അദ്ദേഹം വ്യക്തമാക്കിയത്.
കോവിഡാനന്തര കാലഘട്ടത്തിൽ കേരളത്തിന് മുന്നിലുള്ള സാധ്യതകളെക്കുറിച്ചും മുഖ്യമന്ത്രി വിശദമായി സംസാരിച്ചു. വിവാദങ്ങൾ ഉയർത്തി ഇവ കളഞ്ഞു കുളിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ജോൺ ബ്രിട്ടാസ് അവതാരകനായ പരിപാടിയിൽ കോവിഡ്-19 പ്രതിരോധ നടപടികളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നു. പഴയകാല വിവാദങ്ങൾ അയവിറക്കി സർക്കാർ സ്വീകരിക്കുന്ന സമീപനം അദ്ദേഹം വിശദീകരിച്ചു.
വിവാദ വ്യവസായികൾ അവരുടെ മനസിൽ കെട്ടിച്ചമച്ചുണ്ടാക്കുന്ന ആക്ഷേപങ്ങൾ പരസ്യമായി ഉയർത്തിയാൽ അതിന്റെ പേരിൽ ഒരു പദ്ധതിയും ഉപേക്ഷിക്കില്ല. ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് ജനങ്ങൾക്കുണ്ടെന്ന് വിവാദങ്ങൾ ഉണ്ടാക്കുന്നവർ മറക്കരുത്.
ചോദ്യം: കോവിഡ് കാലത്തിന്റെ പ്രത്യേകത ലോകം മുഴുവൻ കേരളത്തെ പ്രശംസിക്കുന്നുവെന്നതാണ്. ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ കേരളം ചർച്ച ചെയ്യപ്പെടുന്നു. എന്നാൽ കേരളത്തിൽ മാധ്യമ തലക്കെട്ടുകളിൽ പല ദിവസങ്ങളിലും വിവാദങ്ങളാണ് തെളിഞ്ഞു നിൽക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ ഈ വിവാദങ്ങളെ എങ്ങനെ കാണുന്നു?
ഉത്തരം: മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ ലേഖനം മാതൃഭൂമിയിൽ വന്നിരുന്നു. ഇപ്പോൾ പല വ്യവസായങ്ങളും അടഞ്ഞുപോയിട്ടുണ്ടെങ്കിലും അടയാത്ത ഒന്ന് വിവാദ വ്യവസായം മാത്രമാണെന്ന് ലേഖനത്തിന്റെ അവസാനം അദ്ദേഹം എഴുതിയിട്ടുണ്ട്. ഇത് നാടിന്റെ ദുര്യോഗമാണ്. പക്ഷെ പെട്ടന്നൊന്നും മാറുന്ന സ്വഭാവമല്ല അത്. എല്ലാ കാലത്തും ഇത്തരം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത്തരം വിവാദങ്ങളെ മുഖവിലയ്ക്കെടുക്കുന്ന നിലപാടല്ല നാട് പൊതുവെ സ്വീകരിച്ചത്. വിവേചന ബുദ്ധിയോടെ മാത്രമേ ആളുകൾ ഇതു സ്വീകരിക്കൂ.
ചോദ്യം: ഇപ്പോഴത്തെ വിവാദത്തോട് ചേർത്തു നിർത്താവുന്നത് കേരളത്തിന്റെ വിഭവ ഭൂപടം അമേരിക്കയ്ക്ക് വിറ്റു എന്ന വിവാദമാണ്. മുഖ്യമന്ത്രി ഒന്ന് ആ പഴയകാലത്തേക്ക് തിരിഞ്ഞു നോക്കുമോ?
ഉത്തരം: അക്കാലത്ത് വളരെ രസകരമായ രീതിയിൽ ആയിരുന്നു ആക്ഷേപം ഉയർന്നു വന്നത്. നമ്മളെല്ലാം അപകടത്തിൽ ആകാൻ പോകുന്നുവെന്ന മട്ടിലായിരുന്നു അത് പ്രചരിപ്പിച്ചിരുന്നത്. അതെല്ലാം ചിലരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ചില പ്രത്യേക വ്യക്തികളെ ലക്ഷ്യമിട്ടുകൊണ്ടുളള ആക്രമണങ്ങൾ വളരെ വലുതായിരുന്നുവെന്ന് നാമോർക്കണം. അത്തരം കാര്യങ്ങളിലേക്ക് വിശദമായി ഞാൻ പോകുന്നില്ല, എങ്കിലും പറഞ്ഞുവന്നപ്പോൾ ഞാനോർക്കുന്നത് ഒന്നു രണ്ടു പേർക്കെതിരെ കേന്ദ്രീകരിച്ചുളള ആക്രമണം ഒരു ഘട്ടത്തിൽ വന്നതാണ്. അത് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ആയതുകൊണ്ട് അതിനെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച് ഞാനും രംഗത്തുവന്നു. അപ്പോൾ ചിലരെന്നോട് ചോദിച്ചു നിങ്ങളെന്തിനാണ് ഇങ്ങനെ മിനക്കെടുന്നത്. നിങ്ങളെ പറ്റിയൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന്. അങ്ങനെയല്ലല്ലോ നാം കാര്യങ്ങൾ കാണേണ്ടത്. ബോധപൂർവം ആളുകളെ ലക്ഷ്യമിട്ട് തകർക്കുന്നതിനുളള ശ്രമങ്ങളാണ് അന്ന് നടന്നിട്ടുളളത്.
പ്രവാസികളുടെ പ്രശ്നം
പ്രവാസികൾ നമ്മുടെ നാട്ടിലേക്ക് വരണമെന്ന് പൊതുവെ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിൽ ചില നടപടികൾ ഇന്ത്യാ ഗവൺമെന്റ് സ്വീകരിക്കുന്നുവെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കേരളം കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഏതു സമയത്ത് ആളുകൾ വന്നാലും ഇവിടെ എല്ലാം സജ്ജമാണ്. എയർപോർട്ടിൽ ആളുകളുടെ പരിശോധനാ സംവിധാനമുണ്ട്. ക്വാറന്റൈൻ ചെയ്യേണ്ടവരെ ക്വാറന്റൈൻ ചെയ്യാൻ സംവിധാനമുണ്ട്. വീട്ടിലെത്തിക്കേണ്ടവരെ വീട്ടിലെത്തിക്കാൻ കഴിയും. ഇങ്ങനെയെല്ലാമുളള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇനി അതിന്റെ ഭാഗമായി ആശുപത്രിയിൽ ചികിത്സ വേണ്ടിവരുമെങ്കിൽ അതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തിനനുസരിച്ച് സംസ്ഥാനങ്ങളെ സഹായിക്കുന്ന നിലപാട് കേന്ദ്ര ഗവൺമെന്റിൽ നിന്ന് ഉണ്ടായിട്ടില്ല. അത് നിർഭാഗ്യകരമാണ്. ഈ ഘട്ടത്തിൽ സംസ്ഥാനങ്ങളെ ശക്തിപ്പെടുത്ത സമീപനമാണ് കേന്ദ്ര ഗവൺമെന്റ് സ്വീകരിക്കേണ്ടത്. അതിലുളള കുറവുകൾ അതിവേഗത്തിൽ പരിഹരിക്കേണ്ടതുണ്ട്. അതിപ്പോൾ തന്നെ വൈകിപ്പോയി എന്നുളളതാണ് വസ്തുത. ഫലപ്രദമായ തിരുത്തൽ നടപടി കേന്ദ്ര ഗവൺമെന്റിൽ നിന്നുണ്ടാവണം.
ലോക്ഡൗണിൽ ഇളവുകൾ
ലോക്ഡൗൺ ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. നാട്ടുകാർക്ക് ഇളവുകൾ വേണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷെ സർവ്വപ്രധാനം മനുഷ്യന്റെ ജീവൻ സംരക്ഷിക്കുക എന്നതാണ്. കാര്യങ്ങൾ കൈവിട്ടുപോയാൽ ആർക്കും നിയന്ത്രിക്കാനാവില്ല. അപ്പോൾ അതൊഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടിവരും. ഇതെല്ലാം കണക്കിലെടുത്ത് ഇളവുകൾ നൽകണമെന്നാണ് സർക്കാർ കാണുന്നത്.
കോവിഡിന്റെ അനന്തരഫലം
അന്താരാഷ്ട്രതലത്തിൽത്തന്നെ ഉണ്ടാവുന്ന പ്രതികൂലാവസ്ഥ നമ്മുടെ സംസ്ഥാനത്തെ അതീവ ഗുരുതരമായി ബാധിക്കും. ധാരാളം പേർ ഒട്ടേറെ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരാണ്. അവരെയെല്ലാം ഇത് ബാധിച്ചാൽ പലരും തിരിച്ചുവരേണ്ടി വരും. അങ്ങനെയൊരു സാഹചര്യം വന്നാൽ അത്തരം ആളുകളെ പുനരധിവസിപ്പിക്കേണ്ടിവരും. അതിന് ഉതകുന്ന സഹായം കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കണം. കൃത്യമായ പുനരധിവാസ പാക്കേജ് കേന്ദ്ര സർക്കാരിനുണ്ടാവണം. അതോടൊപ്പം സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് ഇവിടെയുള്ള സ്ഥാപനങ്ങൾ സംരക്ഷിക്കാനാണ്. അതിന്റെ ഭാഗമായി വ്യവസായ പ്രമുഖരുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. സിഐഐയുമായും ചർച്ച നടന്നിട്ടുണ്ട്. കേരളത്തിലെ പ്രമുഖ വ്യവസായികളുമായി വീണ്ടും ചർച്ച നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരമൊരു ഘട്ടത്തിൽ വ്യവസായികളെ കയ്യൊഴിയുന്ന നിലപാടല്ല സർക്കാർ എടുക്കുക.
കേരള മോഡലിനെപ്പറ്റി
നമ്മുടെ കേരള മോഡലിന്റെ പ്രത്യേകത ഇവിടെ ജനങ്ങളെ, പ്രത്യേകിച്ച് പാവപ്പെട്ടവരെ കേന്ദ്രീകരിച്ച് കൊണ്ടുളള സർക്കാർ നടപടികൾ വന്നതാണ്. ഉദാഹരണത്തിന് ആരോഗ്യരംഗം. കേരളത്തിൽ വലിയ തോതിലുളള ആരോഗ്യ സജ്ജീകരണങ്ങൾ താഴെ തലത്തിൽ നടന്നിട്ടുണ്ട്. ഇപ്പോൾ പ്രൈമറി ഹെൽത്ത് സെന്ററുകളെല്ലാം ഫലപ്രദമായി പ്രവർത്തിക്കുകയാണ്. ഒരു പ്രയാസവുമില്ലാതെ ഏതൊരാൾക്കും ഹെൽത്ത് സെന്ററിലെത്താൻ പറ്റും. ആ ഹെൽത്ത് സെന്ററിനെ ഒന്നു കൂടി ശക്തിപ്പെടുത്തിക്കൊണ്ടാണ് ആർദ്രം മിഷന്റെ ഭാഗമായി ഫാമിലി ഹെൽത്ത് സെന്ററാക്കി മാറ്റിയത്. ആരോഗ്യപ്രവർത്തകർ വീടുകളിൽ പോയി രോഗമുള്ളവരെ കണ്ടെത്തുന്ന രീതി കേരളത്തിൽ നേരത്തെ തന്നെയുണ്ട്. ഇപ്പോഴാകട്ടെ ഓരോ പ്രദേശത്തുമുളള മുതിർന്ന പൗരൻമാരെ അടക്കം വീടുകളിൽ പോയി ആശാവർക്കർമാരും മറ്റും കാണുകയാണ്. ആവശ്യമായ സഹായം, ബോധവത്കരണം, ചികിത്സയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ എല്ലാം അവർ നിർവഹിക്കുകയാണ്. ആർദ്രം മിഷന്റെ ഭാഗമായി ആശുപത്രി സംവിധാനമാകെ വലിയ തോതിൽ ജനങ്ങൾക്കാശ്രയിക്കുന്ന ഒന്നായിക്കഴിഞ്ഞു. അതുകൊണ്ടാണ് ഇത്തരമൊരു രോഗം വന്നപ്പോൾ പെട്ടെന്നു തന്നെ നല്ല ഫലം ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞത്.
കോവിഡാനന്തര കാലം
കോവിഡനന്തര കാലത്തെ കുറിച്ച് പറയുമ്പോൾ രണ്ടു കാര്യങ്ങളാണ് പ്രധാനം. ടൂറിസം അതിലൊന്നാണ്. എന്നാൽ അതിലല്ല ഞാൻ ഇപ്പോൾ ഊന്നാൻ ആഗ്രഹിക്കുന്നത്. കോവിഡനന്തര കാലം വരുമ്പോൾ നമ്മുടെ പ്രവാസികൾ നാട്ടിലേക്ക് തിരിച്ചുവരാൻ പോകുകയാണ്, അവരുടെ അനുഭവം, അറിവ്, വൈദഗ്ധ്യം ഇതൊക്കെ നമുക്ക് നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയും. മറ്റൊരു കാര്യം, കോവിഡിന്റെ ഭീഷണി ഉയർന്ന സാഹചര്യത്തിൽ പല രാജ്യങ്ങളിലും വലിയ മാറ്റമുണ്ടാകാൻ ഇടയുണ്ട്. പലരും അവരുടെ സ്ഥാപനങ്ങൾ സുരക്ഷിതമായ സ്ഥാനത്ത് തുടങ്ങണമെന്ന് സ്വാഭാവികമായും ആഗ്രഹിക്കും. അങ്ങനെ ചിന്തിക്കുന്നവർക്ക് സുരക്ഷിതമായ സ്ഥാനം കേരളമാണെന്ന് പെട്ടെന്ന് കണ്ടെത്താൻ സാധിക്കും. ആ സാധ്യത കൂടി നമുക്ക് വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞാൽ നമ്മുടെ നാടിന്റെ മുഖഛായ തന്നെ മാറും. ഇതിനൊരു കാര്യം വേണം. അനാവശ്യമായ തർക്കങ്ങളും വിവാദങ്ങളും അവസാനിപ്പിക്കണം. അതൊക്കെ ഇങ്ങോട്ടുവരാനും മുതൽമുടക്കാനും ആഗ്രഹിക്കുന്നവരുടെ മനംമടുപ്പിക്കും. നമ്മുടെ സാധ്യത ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് ഇത്തരം വിവാദങ്ങൾ തടസ്സമാകും. ഇത് പ്രത്യേകമായി ശ്രദ്ധിക്കണം – മുഖ്യമന്ത്രി പറഞ്ഞു.