നിരുപാധികമായി നൽകുന്ന പണം പാവപ്പെട്ടവരെ മടിയന്മാരാക്കുമെന്ന വാദം തെറ്റെന്ന് നൊബേൽ ജേതാവ് അഭിജിത് ബാനർജി

7

നിരുപാധികമായി പാവപ്പെട്ടവർക്ക് നൽകുന്ന പണം അവരെ മടിയന്മാരാക്കുമെന്ന വാദത്തിന് തെളിവിന്റെ പിൻബലമില്ലെന്ന് നൊബേൽ സമ്മാന ജേതാവും പ്രമുഖ ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനർജി അഭിപ്രായപ്പെട്ടു.

‘ജനങ്ങൾക്ക് എളുപ്പത്തിൽ പണം നൽകുന്നത് അവരെ മടിയന്മാരാക്കും, ജനങ്ങളെ ഒരു പരിധിയിൽ കവിഞ്ഞ് സഹായിക്കാൻ പാടില്ല തുടങ്ങിയ ഉദാരവത്കൃത ലോകത്തിലെ വാദങ്ങളിൽ കഴമ്പില്ല എന്നാണ് 13 രാജ്യങ്ങളിൽ നടത്തിയ റാൻഡമൈസ്ഡ് കൺട്രോൾഡ് ട്രയലിൽ നിന്ന് വ്യക്തമായത്,’ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘എങ്ങിനെ ദാരിദ്ര്യം തുടച്ചുനീക്കാം: കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും ലോകത്ത് നിന്നുമുള്ള പാഠങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പാക്കാൻ പാവപ്പെട്ടവരെ വിശ്വാസത്തിലെടുക്കണം. പണം നേരിട്ട് അവരുടെ കൈകളിൽ ഏൽപ്പിച്ചാൽ മദ്യപിച്ചും മറ്റും ദുർവ്യയം ചെയ്യുമെന്ന വാദവും അസ്ഥാനത്താണ്. ഇന്തോനേഷ്യയിൽ ക്രഡിറ്റ് കാർഡിന് സമാനമായ കാർഡ് ജനങ്ങൾക്ക് നേരിട്ട് നൽകിയപ്പോൾ അവർ കാർഡുപയോഗിച്ച് അവശ്യ സാധനങ്ങൾ വാങ്ങുകയും കാലക്രമേണ ദാരിദ്ര്യ നിരക്ക് 20 ശതമാനം കുറയുകയും ചെയ്തു, ബാനർജി ചൂണ്ടിക്കാട്ടി.

അതിദരിദ്രർക്ക് കന്നുകാലികൾ, മറ്റ് ജീവനോപാധികൾ എന്നിവ വിതരണം ചെയ്തശേഷം 10 വർഷം കഴിഞ്ഞ് തിരക്കിയപ്പോൾ അവരിൽ പലരും സമ്പന്നരായി മാറിയിരുന്നു. അവർക്ക് നൽകിയ പശു അവരുടെ പക്കൽ ഉണ്ടായിരുന്നില്ലെങ്കിലും അത് മൂലധനമായി നടത്തിയ നിരവധി ക്രയവിക്രയങ്ങളിലൂടെ ദാരിദ്ര്യം തുടച്ചുനീക്കപ്പെട്ടു. ‘ഒരു സ്വത്തോ ജീവിതോപാധിയോ കൈവന്നതിലൂടെ ലഭിച്ച ആത്മവിശ്വാസവും ഉണർവുമാണ് മാറ്റങ്ങൾ സൃഷ്ടിച്ചത്, ബാനർജി പറഞ്ഞു.

മൈക്രോ ക്രഡിറ്റ് പദ്ധതികൾ ദരിദ്രർക്ക് വളരെയധികം ഉപകാരപ്പെടുമെങ്കിലും അത്തരം പദ്ധതികളെ സംരംഭകത്വങ്ങളായി പരിവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല.

‘നാം ഉറപ്പെന്ന് തീർപ്പുകൽപ്പിക്കുന്നത് പലപ്പോഴും അങ്ങിനെയാകില്ല. അതുപോലെ ശരി പലപ്പോഴും പരിപൂർണതയ്ക്ക് എതിരായി വരാറുണ്ട്. ഒരു ദുരന്തം നേരിടുന്ന സാഹചര്യത്തിൽ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കാൻ ബദ്ധശ്രദ്ധ ചെലുത്തുന്നത് തിരിച്ചടിയായി മാറും; പകരം ലഭ്യമായ സമയത്തിൽ ശരിയായ നടപടികൾ കൈക്കൊള്ളാനാണ് ശ്രമിക്കേണ്ടത്’.

ഇന്ത്യയിൽ അധ്യാപനം എന്ന പ്രവൃത്തിയുടെ ഘടന തന്നെ കൊളോണിയൽ മനോഭാവത്തിൽ അധിഷ്ഠിതമാണെന്ന് അഭിജിത് ബാനർജി വിമർശിച്ചു. ‘എന്ത് പഠിക്കണം എന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് വേണ്ടത്, അല്ലാതെ സിലബസ് അനുസരിച്ച് പഠിപ്പിക്കുകയല്ല,’ അദ്ദേഹം നിരീക്ഷിച്ചു. എല്ലാ കുട്ടികളും വായിക്കാനും എഴുതാനുമുള്ള കഴിവ്, അടിസ്ഥാന ഗണിതം ചെയ്യാനുള്ള കഴിവ് എന്നിവ നേടണം.

ദാരിദ്ര്യ നിർമാർജനത്തിൽ രാജ്യത്ത് മുൻപന്തിയിൽ നിൽക്കുന്ന കേരളത്തെ പ്രശംസിച്ച നൊബേൽ ജേതാവ് വികേന്ദ്രീകൃത രീതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വന്തം പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കാൻ ഫണ്ട് അനുവദിക്കുന്ന മാതൃക തന്നെ വളരെയധികം ആകർഷിച്ചതായി എടുത്തുപറഞ്ഞു. ‘കേരളീയർ ഭാഗ്യവാൻമാരാണ്. ആ ഭാഗ്യം നിങ്ങൾ നിലനിർത്തുക,’ അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ വി.പി ജോയ്, അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി തുടങ്ങിയവർ സംസാരിച്ചു. പ്രഭാഷണത്തിന് ശേഷം അഭിജിത് ബാനർജി സദസിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി.

NO COMMENTS

LEAVE A REPLY