സാന്തിയാഗോ • 2008ലെ രസതന്ത്ര നൊബേല്‍ ജേതാവും കലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫസറുമായ റോജര്‍ സീന്‍ (64) അന്തരിച്ചു. ബയോസയന്‍സില്‍ വലിയ മുന്നേറ്റത്തിനിടയാക്കിയ ‘തിളങ്ങുന്ന ഹരിത പ്രോട്ടീന്‍’ കണ്ടെത്തിയതിനാണ് അമേരിക്കക്കാരായ മാര്‍ട്ടിന്‍ ചല്‍ഫി, ജപ്പാന്‍കാരനായ ഒസാമു ഷിമോമുറ എന്നിവരോടൊപ്പം റോജര്‍ സീന്‍ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹനായത്.ജിഎഫ്പി (ഗ്രീന്‍ ഫ്ലൂറസന്റ് പ്രോട്ടീന്‍) എന്നറിയപ്പെടുന്ന ഇതിന്റെ കണ്ടുപിടിത്തവും തുടര്‍ന്നുള്ള ഗവേഷണങ്ങളും മൈക്രോസ്കോപ്പിന്റെ കണ്ടുപിടിത്തം പോലെ ചരിത്രപരമായിത്തീര്‍ന്നു. മസ്തിഷ്ക കോശങ്ങളുടെ വികാസം, അര്‍ബുദ കോശങ്ങളുടെ വ്യാപനം തുടങ്ങിയവയെക്കുറിച്ചു പഠിക്കാന്‍ ഇപ്പോള്‍ ലോകമൊട്ടാകെയുള്ള ശാസ്ത്രജ്ഞര്‍ ഇതിനെ ആശ്രയിക്കുന്നു.
അര്‍ബുദകോശങ്ങളെ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്താനും അല്‍സ്ഹൈമേഴ്സ് രോഗിയിലുണ്ടാകുന്ന നാഡീകോശത്തകര്‍ച്ചയും മറ്റും വിശകലനം ചെയ്യാനും ഈ ഗവേഷണം സഹായിച്ചു. കഴിഞ്ഞ ദശകത്തില്‍ ബയോകെമിസ്റ്റുകള്‍ക്കും മെഡിക്കല്‍ സയന്റിസ്റ്റുകള്‍ക്കും ബയോളജിസ്റ്റുകള്‍ക്കും മറ്റു ജൈവശാസ്ത്ര ഗവേഷകര്‍ക്കും ഇതു വഴികാട്ടിയായി.
ന്യൂയോര്‍ക്ക് നഗരത്തിലാണു റോജര്‍ സീന്‍ ജനിച്ചത്. കേവലം എട്ടുവയസ്സുള്ളപ്പോള്‍ തന്നെ രസതന്ത്ര പരീക്ഷണങ്ങളില്‍ തല്‍പരനായി. ഹാര്‍വഡ്, കേംബ്രിജ് സര്‍വകലാശാലകളില്‍ നിന്നു ബിരുദങ്ങള്‍ നേടിയശേഷം ഗവേഷണത്തിലേക്കും അധ്യാപകവൃത്തിയിലേക്കും തിരിയുകയായിരുന്നു. ഭാര്യ: വെന്‍ഡി.