പത്മ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശം സമർപ്പിക്കാം

127

തിരുവനന്തപുരം : 2020ലെ പത്മ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങളും ശുപാർശകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോർട്ടലിൽ സെപ്തംബർ 15നോ അതിനു മുമ്പോ ഓൺലൈനായി സമർപ്പിക്കാം. www.padmaawards.gov.in ആണ് പോർട്ടൽ. സംസ്ഥാന സർക്കാർ മുഖേന നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് അർഹരായവരെ കണ്ടെത്തുന്നതിന് സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ കൺവീനറായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ, ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവരടങ്ങുന്ന ഒരു മന്ത്രിസഭാ ഉപസമിതിക്ക് (സെർച്ച് കമ്മിറ്റി) രൂപം കൊടുത്തിട്ടുണ്ട്.

സംസ്ഥാന സർക്കാർ മുഖേന നാമനിർദ്ദേശം സമർപ്പിക്കാൻ താത്പര്യമുള്ളവർ അതിനുള്ള അപേക്ഷ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്ക് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ വിലാസത്തിൽ (ഒന്നാം നില, നോർത്ത് സാൻവിച്ച്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001) ജൂലൈ 31നകം ലഭ്യമാക്കണം.

പത്മ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടാൻ അർഹതയുള്ളവർക്ക് നേരിട്ടും അപേക്ഷ നൽകാം. കൂടാതെ സംഘടനകൾക്കും നാമനിർദ്ദേശം സമർപ്പിക്കാം. പത്മ പുരസ്‌കാരവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാറ്റിയൂട്ട്‌സ്, റൂൾസ് എന്നിവ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ (http://padmaawards.gov.in/SelectionGuidelines.aspx) ലഭ്യമാണെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.

NO COMMENTS