തിരുവനന്തപുരം : ലോകമെമ്പാടും രാജ്യത്തും ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തെ സി.പി.എം. കേരളത്തില്‍ കുഴിച്ചു മൂടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
സിപിഎം. ഒരു കൊലയാളി പാര്‍ട്ടിയാണെന്ന് ഏറ്റവുമൊടുവില്‍ പെരിയ ഇരട്ടക്കൊലയിലൂടെ ആവര്‍ത്തിച്ച് ഉറപ്പിച്ചിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു രാഷ്ട്രീയ കൊലപാതകക്കേസില്‍ ഹൈക്കോടതി ഇത്രയും രൂക്ഷമായ വിമര്‍ശനം പോലീസിനെതിരേ ഉന്നയിച്ചിട്ടില്ല. സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം തയാറാക്കിയ കുറ്റപത്രം കോടതി ചവറ്റുകൊട്ടയിലിട്ടു. ഇതിനെതിരേ അപ്പീല്‍ പോകാന്‍ ശ്രമിക്കുന്നതായി അറിയുന്നു. സര്‍ക്കാര്‍ ജനങ്ങളോടു ചെയ്യുന്ന കൊടിയ വഞ്ചന ആയിരിക്കും അതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഷുഹൈബ് കേസില്‍ നികുതിപ്പണം ഉപയോഗിച്ച് സിബിഐ അന്വേഷണത്തിനെതിരേ പിണറായി സര്‍ക്കാര്‍ അപ്പീല്‍ പോയതു കേരളത്തെ ഞെട്ടിച്ചതാണ്. ഷുഹൈബ് വധക്കേസ് സി.ബി.ഐ. അന്വേഷണത്തിന് വിട്ടപ്പോള്‍ അതിനെതിരെ 56 ലക്ഷം രൂപ ഖജനാവില്‍ നിന്നും ചെലവിട്ട് ഡല്‍ഹിയില്‍ നിന്നും പ്രഗത്ഭരായ അഭിഭാഷകരെ കൊണ്ടു വന്നാണ് ഇടതു സര്‍ക്കാര്‍ നിയമ പോരാട്ടം നടത്തിയത്. മലബാറില്‍ അരഡസന്‍ രാഷ്ട്രീയ കൊലപാതക കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സിബിഐ അന്വേഷണം നടക്കുന്നത് ഈ പ്രദേശത്താണ്.
രാജ്യത്ത് കൊലപാതക നിരക്ക് ഏറ്റവും കൂടിയ സ്ഥലവും ഇതാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
തലശേരി റസ്റ്റ് ഹൗസ് ക്യാമ്പ് ഓഫീസാക്കി മലബാറില്‍ രാഷ്ട്രീയബന്ധമുള്ള കൊലപാതകക്കേസുകള്‍ സിബിഐ അന്വേഷിക്കുന്നു.
ഷുഹൈബിന്റെ കേസ് സബിഐക്കു വിട്ട ഹൈക്കോടതി ഉത്തരവ് അസ്ഥിരപ്പെടുത്തിയെങ്കിലും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ്, പയ്യോളി മനോജ്, മുഹമ്മദ് ഫസല്‍ തുടങ്ങിയ കേസുകളിലെല്ലാം സിപിഎമ്മുകാര്‍ പ്രതികളാണ്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍, ടിവി രാജേഷ് എംഎല്‍എ, കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ തുടങ്ങിയ നേതാക്കള്‍ വിവിധ കേസുകളില്‍ പ്രതികളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.